ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. നിയമപരമായ ആവശ്യപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഎഫ്‌ഐയേയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററും നടപടി സ്വീകരിച്ചത്.
രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് (28.09.22) പിഎഫ്‌ഐയ്‌ക്കും അനുബന്ധ സംഘടനകൾക്കും മുന്നണികൾക്കും സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര, അസം തുടങ്ങി നിരവധി സംസ്ഥാനങ്ങൾ തീരുമാനത്തെ സ്വാഗതം ചെയ്‌തുകൊണ്ട് രംഗത്തെത്തിയിരുന്നു. കൂടാതെ കേരളത്തിലും സംഘടനയ്‌ക്കെതിരെ തുടർ നടപടിക്ക് ഉത്തരവിറക്കിയിരിക്കുകയാണ്.
ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകരസംഘടനകളുമായി പിഎഫ്‌യ്‌ക്ക് ബന്ധമുണ്ടെന്നും കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം ബുധനാഴ്‌ച സംഘടനയെ നിരോധിച്ചത്.
READ MORE: പി.എഫ്.ഐ ഓഫിസുകള്‍ സീല്‍ ചെയ്യും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും: സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി