ന്യൂഡൽഹി: പുതിയ ഐടി നിയമങ്ങളോട് സഹകരിക്കാൻ തയാറാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ കൊവിഡ് സാഹചര്യമായതിനാൽ നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു. നേരത്തെ രാജ്യത്തെ ഐ.ടി. നയം അംഗീകരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു.
നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ മനംമാറ്റം. ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിയമങ്ങൾ പാലിക്കാൻ തയാറാണെന്ന് കേന്ദ്ര സർക്കാരിന് ട്വിറ്റര്‍ ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട മറ്റു പുരോഗതികൾ സർക്കാരിനെ അറിയിച്ചു. സർക്കാരുമായുള്ള കൂടുതൽ ആശയവിനിമയം നടന്നുവരികയാണെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ പുതിയ ഐടി നിയമങ്ങൾ സ്വതന്ത്ര അഭിപ്രായ പ്രകടനം തടസ്സപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് ട്വിറ്റർ സർക്കാരിനെതിരെ തുറന്ന പോരിനിറങ്ങിയത്.
Read More..........ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം
എന്നാൽ നിയമങ്ങൾ പാലിക്കുന്നതിന് വീഴ്ച വരുത്തിയാൽ ഐടി നിയമം 2000ലെ 79–ാം അനുഛേദം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ പിൻവലിക്കും, ഐടി നിയമം ഉൾപ്പെടെ രാജ്യത്തെ മറ്റു ശിക്ഷാ നിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരും എന്നിവ കാട്ടി കേന്ദ്ര സർക്കാർ ട്വിറ്ററിന് കത്ത് അയച്ചിരുന്നു.
നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്ന് ഡൽഹി ഹൈക്കോടതിയും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. വാട്സ് ആപ്, ഫെയ്സ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികള്‍ സർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, കംപ്ലയന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ മെയ് 26ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.ടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മെയ് 26ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്‍റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വിറ്റര്‍ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെയും ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പിന്നീട് ബ്ലൂ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.