ന്യൂഡല്‍ഹി: പുതിയ ഐടി നിയമ പ്രകാരം വിനയ് പ്രകാശിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ച് ട്വിറ്റര്‍. വെബ്സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം.
മേയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.
നിയമനത്തിന് എട്ട് ആഴ്‌ച സമയം വേണ്ടിവരുമെന്ന് ട്വിറ്റർ വ്യാഴാഴ്‌ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജൂലൈ ആറ് മുതൽ ഒരു ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ട്വിറ്റർ വ്യക്തമാക്കി. കൃത്യമായ മറുപടിയുമായി എത്തണമെന്നും അല്ലെങ്കിൽ പ്രശ്‌നം വഷളാകുമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.