ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ നിയന്ത്രണം 44 ബില്യണ്‍ ചെലവഴിച്ച് ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍. ട്വിറ്ററിന്‍റെ ഇന്ത്യയിലെ തൊഴിലാളികളില്‍ ഏകദേശം 200ലധികം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനീയറിംഗ്, സെയില്‍&മാര്‍ക്കറ്റിംങ്, കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലായാണ് കൂട്ടപിരിച്ചുവിടല്‍ നടന്നത്.
ഇന്ത്യയില്‍ പിരിച്ചുവിട്ട ജീവനക്കാരുടെ വേര്‍പിരിയല്‍ വേതനത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ മുഴുവന്‍ ആളുകളെയും പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിലുള്ള 7500 ജീവനക്കാരില്‍ 3738 പേരെ പിരിച്ചുവിട്ടിരിക്കുകയാണ്. ബ്ലൂട്ടിക്ക് അക്കൗണ്ടുകള്‍ പ്രതിമാസം എട്ട് ഡോളര്‍ നല്‍കണമെന്നും മസ്‌ക് അറിയിച്ചു.
'പരസ്യദാതാക്കളുടെയും ആക്‌ടിവിസ്‌റ്റുകളുടെയും സമ്മര്‍ദം മൂലം ട്വിറ്ററിന്‍റെ വരുമാനത്തില്‍ വ്യാപകമായ ഇടിവ് സംഭവിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഉള്ളടക്കത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ആക്‌ടിവിസ്‌റ്റുകളെ പ്രീണിപ്പിക്കാന്‍ എല്ലാം ഞങ്ങള്‍ ചെയ്‌തു കഴിഞ്ഞു. അമേരിക്കയിലെ സംസാര സ്വാന്ത്രത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന്' ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‌തു.
ജൂലൈ 30 പകുതിയായപ്പോള്‍ 270 ദശലക്ഷം ഡോളറാണ് കമ്പനിക്ക് നഷ്‌ടം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 66 ദശലക്ഷമാണ് അധികം നഷ്‌ടം സംഭവിച്ചത്. സിഇഒ പരാഗ് അഗര്‍വാളടക്കം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കമ്പനി പിരിച്ചുവിട്ടു.
ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണം മുഴുവനായും ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. ഇമെയിലുകള്‍ക്ക് കമ്പനി മറുപടിയും നല്‍കുന്നില്ലെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ പ്രതികരിച്ചു. 'ഓരോ ജീവനക്കാരുടെയും ട്വിറ്റര്‍ സംവിധാനങ്ങളുടെയും ഉപഭോക്താക്കളുടെ സുരക്ഷയേയും മാനിച്ചുകൊണ്ട് ഞങ്ങളുടെ ഓഫിസ് താത്‌കാലികമായി അടയ്‌ക്കുകയാണ്. ജീവനക്കാര്‍ക്ക് ബാഡ്‌ജ് ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ ഓഫിസിലോ അല്ലെങ്കില്‍ ഓഫിസിലേക്കുള്ള വഴിയിലോ ആണെങ്കില്‍ ദയവായി വീട്ടിലേക്ക് മടങ്ങുക' എന്ന് ഇന്‍റേണല്‍ മെമോയില്‍ ട്വിറ്റര്‍ പ്രസ്‌താവിച്ചു.