ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം വീണ്ടും തെറ്റായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കശ്‌മീർ, ലഡാക്ക് എന്നി പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ പ്രദര്‍ശിപ്പിച്ചത്. ട്വിറ്ററിന്‍റെ കരിയര്‍ വെബ്സൈറ്റായ ട്വീപ് ലൈഫിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം ഉള്ളത്.
ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ലഡാക്കിലെ ലൈ പ്രദേശം ചൈനയുടെ ഭാഗമായി ട്വിറ്റർ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോർസിക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങള്‍ ട്വിറ്ററിനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, അതിന്‍റെ നിഷ്‌പക്ഷതയെയും നീതിബോധവും ചോദ്യം ചെയ്യപ്പെടുമെന്നും ട്വിറ്ററിന് നല്‍കിയ നോട്ടീസില്‍ ഐടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Read more: കേന്ദ്രസര്‍ക്കാറിന് വഴങ്ങി ട്വിറ്റര്‍
നിലവില്‍ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ടൂള്‍കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് തുടങ്ങിയ പോര് ഒടുവിലായി ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി ലോക്ക് ചെയ്യുന്നതിലേക്ക് എത്തിയിരുന്നു.
അതേസമയം, പുതിയ ഐടി മാർഗനിർദേശമനുസരിച്ച് നിയമിതനായി ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിന്‍റെ താൽക്കാലിക പരാതി പരിഹാര ഉദ്യോഗസ്ഥനായ ധർമേന്ദ്ര ചത്തൂർ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. അമേരിക്കക്കാരനായ ജെറമി കെസ്സലാണ് ട്വിറ്ററിന്‍റെ ഇന്ത്യയിലെ പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥന്‍.