പ്രകാശം/ആന്ധ്രാപ്രദേശ് : അപസ്‌മാരം വന്ന് മരിച്ച നവജാത ശിശുവിനെ ഒരേ ദിവസം രണ്ട് തവണ സംസ്‌കരിച്ച് ബന്ധുക്കൾ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. സംസ്‌കരിച്ച ശേഷം മുത്തശ്ശി, കുട്ടിക്ക് ജീവനുണ്ടെന്ന് സ്വപ്‌നം കണ്ടു. ഇതേതുടർന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചശേഷം വീണ്ടും സംസ്‌കരിക്കുകയായിരുന്നു.
പ്രകാശം ജില്ലയിലെ ഡോണകൊണ്ട സോണിലെ മങ്ങിനപുടി ഗ്രാമത്തിലുള്ള ദമ്പതികൾക്ക് മാർക്കപുരം സർക്കാർ ആശുപത്രിയിൽ മാർച്ച് 26നാണ് ആൺകുട്ടി ജനിച്ചത്. ജനിച്ചയുടനെ അപസ്‌മാരം വന്നതിനെത്തുടർന്ന് കുട്ടിയെ ഓങ്ങല്ലൂർ റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മാർച്ച് 30 ന് കുട്ടി മരിക്കുകയായിരുന്നു.
ALSO READ: ക്രിസ്ത്യൻ പ്രാര്‍ഥനയ്ക്ക് രാമക്ഷേത്രം: ബിജെപിയുടെ വാദം തള്ളി പൊലീസ്
തുടർന്ന് കുട്ടിയുടെ മൃതശരീരം വ്യാഴാഴ്‌ചയോടെ ജന്മനാട്ടിൽ സംസ്‌കരിച്ചു. ഇതിനുപിന്നാലെയായിരുന്നു മുത്തശ്ശിയുടെ സ്വപ്‌നം. തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം കുഴിച്ചെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ മരണം രണ്ടാം വട്ടവും ഡോക്‌ടർമാർ സ്ഥിരീകരിച്ചതോടെ വീണ്ടും സംസ്‌കാരം നടത്തുകയായിരുന്നു.