മുംബൈ : ഇലക്ട്രിക്ക് സ്കൂട്ടര്‍ വിപണിയില്‍ മത്സരം കടുപ്പിച്ച് ടിവിഎസ് മോട്ടോര്‍ തങ്ങളുടെ പുതിയ ഐ ക്യൂബ് മോഡല്‍ പുറത്തിറിക്കി. മൂന്ന് വേരിയന്‍റുകളിലായാണ് വാഹനം വിപണിയില്‍ എത്തുന്നത്. 98.56 ലക്ഷം മുതല്‍ 1.11 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. ഓണ്‍ലൈനിലൂടെയായിരുന്നു ലോഞ്ചിങ്.
അതേസമയം തങ്ങളുടെ ടോപ്പ് റേഞ്ച് വേരിയന്‍റായ ഐക്യൂബ് എസ് ടിയുടെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 140 കിലോമീറ്റര്‍ വേഗതയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് വെറും 999 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകുമെന്നും കമ്പനി പറയുന്നു.
രാജ്യത്തെ 33 പ്രധാന നഗരങ്ങളില്‍ വാഹനം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. റീട്ടെയില്‍ ബിസിനസിന്‍റെ ഭാഗമായി 85 നഗരങ്ങളിലും വില്‍പ്പനയ്ക്ക് അനുമതിയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഇലക്ട്രിക് വാഹന നിര്‍മാണ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
Also Read: ടാറ്റയുടെ നെക്സോണ്‍ ഇ വി മാക്സ് വിപിണിയില്‍ എത്തി; വില 17.74 മുതല്‍
സ്‌കൂട്ടറുകളില്‍ 7 ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ, ക്ലീൻ യൂസർ ഇന്റർഫേസ് (യുഐ), വോയ്‌സ് അസിസ്റ്റൻസ്, ടിവിഎസ് ഐക്യൂബ് അലക്സ സ്‌കിൽ സെറ്റ്, മ്യൂസിക് പ്ലെയർ കൺട്രോൾ, ഒടിഎ അപ്‌ഡേറ്റ്, ഫാസ്റ്റ് ചാർജിംഗ് എന്നിങ്ങനെയുള്ള സംവിധാനങ്ങളുണ്ട്. പ്ലഗ് ആന്‍ഡ് പ്ലേ ക്യാരി ചാർജറും ഉൾപ്പെടുന്നു. വാഹന സുരക്ഷാ അറിയിപ്പുകൾ, ഒന്നിലധികം ബ്ലൂടൂത്ത്, ക്ലൗഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ, 32-ലിറ്റർ സ്റ്റോറേജ് സ്പേസ് എന്നിവയും ഉൾപ്പെടുന്നു.
കൂടാതെ ഒന്നിലധിക ചാര്‍ജിംഗ് പാക്കുകളും വാഹനത്തിലുണ്ട്. 5.1 കെ ഡബ്ലു എച്ച് ബാറ്ററി പാക്കും 1.5 കിലോ വൈള്‍ട്ട് ഫാസ്റ്റ് ചാർജിംഗും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ഒരു ചാർജിൽ 100 കിലോ മീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.