ചെന്നൈ: സംസ്ഥാനത്തെ ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്ന് സംസ്ഥാനത്തെ മുൻ ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോർഡിറേറ്ററുമായ ഒ പനീർസെൽവം. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ഇരു പാർട്ടികളും തമ്മിൽ പരസ്‌പരം പഴിചാരൽ നടത്തുന്ന സാഹചര്യത്തിലാണ് പനീർസെൽവത്തിന്‍റെ മറുപടി.
രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും താൽപര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്ത് ബിജെപി-എഐഎഡിഎംകെ സഖ്യം തുടരുമെന്നും വിഷയത്തിൽ രണ്ടാമതൊരു അഭിപ്രായത്തിന്‍റെ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയിൽ വിശ്വാസമുണ്ടെന്നും പനീർസെൽവം പ്രസ്‌താവനയിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് എഐഎഡിഎംകെ സംസ്ഥാനത്ത് പരാജയപ്പെട്ടതെന്ന് സംസ്ഥാനത്തെ മുൻ മന്ത്രിയും വില്ലുപുരം എഐഎഡിഎംകെ നോർത്ത് ജില്ല സെക്രട്ടറിയുമായ സി.വി ഷൺമുഖം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പനീർസെൽവം രംഗത്തെത്തിയത്.
ബിജെപിയുമായുള്ള സഖ്യത്തെ തുടർന്ന് ന്യൂനപക്ഷ വോട്ടുകൾ നഷ്‌ടമായെന്നും ജനം തുടർഭരണം ആഗ്രഹിച്ചെങ്കിലും കണക്കു കൂട്ടലുകൾ തെറ്റിയെന്നും സി.വി ഷൺമുഖം പറഞ്ഞിരുന്നു. ആരോപണം വ്യക്തിപരമാണോ അതോ എഐഎഡിഎംകെ പാർട്ടിയുടേതാണോ എന്ന പ്രതികരണവുമായി തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി രംഗത്തെത്തി. അതേ സമയം എഐഎഡിഎംകെ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളെ തുടർന്നാണ് പരാജയം സംഭവിച്ചതെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന നേതാക്കളും രംഗത്തെത്തിയിരുന്നു.
READ MORE: തമിഴ്‌നാട് ക്ഷണിച്ചു: വാഗ്‌ദാനങ്ങൾ ആകര്‍ഷകമെന്ന് കിറ്റക്‌സ് ഗ്രൂപ്പ്