ആന്ധ്രാപ്രദേശ്: ഡ്രൈവറുടെ അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നതിന്‍റെ പ്രധാന കാരണം. വാഹനത്തിന്‍റെ അമിതമായ വേഗതയും മറ്റ് വാഹനങ്ങളെ മറികടക്കുവാന്‍ കാണിക്കുന്ന ആവേശവുമെല്ലാമാണ് അപകടങ്ങളുടെ കാരണം. ഇത്തരത്തില്‍ അശ്രദ്ധ മൂലം അപകടം ക്ഷണിച്ചുവരുത്തുന്നവര്‍ അവരുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഗോബ്ബുറു എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം ഒരപകടം സംഭവിക്കുകയുണ്ടായി. മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കുവാന്‍ വേണ്ടി അമിതമായ വേഗതയില്‍ തെറ്റായ ദിശയിലായിരുന്നു പിന്നില്‍ നിന്നും വന്ന വാഹനം സഞ്ചരിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ ഗുരുതരമായ പരിക്കുകളോടെ മര്‍ക്കപ്പുരം ജില്ല ആശുപത്രിയില്‍ ചികിത്സയിലുമാണ്.
മുന്നിലുള്ള ബൊലേറൊയെ മറികടക്കാനായിരുന്നു പിന്നില്‍ വന്ന ഇരുചക്ര വാഹനം ശ്രമിച്ചത്. തുടര്‍ന്ന് വാഹനം റോഡിന്‍റെ നടുവിലുള്ള ഡിവൈഡറില്‍ ചെന്നിടിച്ച ശേഷം എതിര്‍വശത്തുള്ള മറ്റൊരു ഇരുചക്രവാഹത്തില്‍ ചെന്നിടിക്കുകയും ആ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്‌തു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.