പൂനെ: നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് 47 കാറുകള്‍ തകര്‍ന്നു. അപകടത്തില്‍ ആളപായമില്ലെങ്കിലും കാറുകളിലായി ഉണ്ടായിരുന്ന പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൂനെയിലെ നവലെ പാലത്തില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
പിഎംആർഡിഎ ഫയർഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് അപകടത്തില്‍ പരിക്കേറ്റവരെ കാറുകളില്‍ നിന്ന് പുറത്തെടുത്തത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചരക്ക് കയറ്റി അമിത വേഗത്തില്‍ വന്ന ട്രക്കിന് പാലത്തില്‍ വച്ച് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
47 കാറുകള്‍ തകര്‍ത്താണ് ട്രക്ക് മുന്നോട്ട് നീങ്ങിയത്. മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ അപകടത്തില്‍ പെട്ടവരെ കാറുകളില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏറെ ദൂരം പോയ ശേഷം ട്രക്ക് നിന്നെങ്കിലും ഡ്രൈവര്‍ ഇറങ്ങി ഓടി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ തന്നെ ലഭ്യമാക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.