ഹൈദരാബാദ്: തെലങ്കാന രാഷ്‌ട്ര സമിതിയുടെ മുപ്പതോളം എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിലെ തെളിവുകൾ പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ആരോപണ വിധേയരായ മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ രേഖയും വീഡിയോ തെളിവുകളും കെസിആർ ഇന്ന് പുറത്തുവിട്ടു. 'ടിആര്‍എസിലെ നാല് എംഎല്‍എമാരെയാണ് ബിജെപി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചത്'. എന്നാല്‍ അവര്‍ അത് നിരസിക്കുകയായിരുന്നുവെന്നും മുനുഗോഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചിരുന്നു.
ബിജെപി പ്രവര്‍ത്തകർ തെലങ്കാന എംഎല്‍എമാർക്ക് പണം വാഗ്‌ദാനം ചെയ്യുന്നത് അടക്കമുള്ള വീഡിയോ ദൃശ്യങ്ങളും അവരുടെ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളാണ് കെസിആർ പുറത്തുവിട്ടത്. ഡല്‍ഹി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ 24 അംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് കെസിആര്‍ ആരോപിച്ചു. തെലങ്കാനയിലെ എംഎല്‍എമാരെ പക്ഷം ചേര്‍ക്കുവാന്‍ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും ഇത് നടക്കുന്നുണ്ടെന്നും ആരോപിച്ച് കെസിആര്‍ കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല രാജസ്ഥാനിലെ സര്‍ക്കാരിനെയും താഴെയിറക്കുമെന്ന് ബിജെപി പറഞ്ഞിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'എട്ട് സര്‍ക്കാരിനെ ഇതിനോടകം തന്നെ ബിജെപി താഴെയിറക്കികഴിഞ്ഞു. പ്രതിപക്ഷത്തിന്‍റെ കൂടിയാലോചനകളെ ഇല്ലാതാക്കുകയാണ് വേണ്ടത്. തെലങ്കാന എന്നത് ഉറച്ച മണ്ണാണ് അതിനാല്‍ തന്നെ സര്‍ക്കാരിനെ എത്രയും വേഗം താഴെയിറക്കേണ്ടത് അനിവാര്യമാണെന്നും അവരുടെ ഗൂഢാലോചനയില്‍ നിന്നും വ്യക്തമാണ്'. ഞങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ തെലങ്കാന ഹൈക്കോടതിയ്‌ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കൂട്ടിച്ചേര്‍ത്തു.