ഹൈദരാബാദ്: എംഎൽഎമാരെ പണം കൊടുത്ത് കൂടെക്കൂട്ടാന്‍ ശ്രമിച്ചുവെന്ന തെലങ്കാന രാഷ്‌ട്ര സമിതിയുടെ (ടിആർഎസ്) ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം. ഇത് സംബന്ധിച്ച കേസ് കേന്ദ്ര അന്വേഷണ സംഘമായ സിബിഐക്കോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടാണ് ബിജെപി കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡിയാണ് റിട്ട് ഹർജിയുമായി ഹൈക്കോതിയിലെത്തിയത്.
പണം നല്‍കി തങ്ങളെ പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ടിആര്‍എസ് എംഎല്‍എമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ (26.10.2022)വൈകുന്നേരം രംഗ റെഡ്ഡിയിലെ ഫാംഹൗസിൽ നിന്ന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ രാമചന്ദ്ര ഭാരതി, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവര്‍ ബിജെപിക്കാരാണെന്ന ആരോപണം ഉയരുമ്പോഴാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ പക്ഷപാതപരവും അന്യായവുമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇത് പാര്‍ട്ടിയിലെ നേതാക്കളെ കുടുക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്നും ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി ഹര്‍ജിയില്‍ അറിയിച്ചു.
മൊയ്‌നാബാദ് പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആർ നമ്പർ 455/2022-ൽ പിടിയിലായവര്‍ക്കെതിരെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ അന്വേഷണമാണ് നടക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ കടുത്ത ലംഘനവുമാണ്. മാത്രമല്ല സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ഹര്‍ജിയിൽ പറയുന്നു.
നവംബർ മൂന്നിന് നടക്കാനിരിക്കുന്ന മുനുഗുഡെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ "പ്രചാരണം തടസപ്പെടുത്താൻ" ലക്ഷ്യം വച്ചുള്ളതാണ് ടിആര്‍എസ് ആരോപണം. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ അപകീർത്തിപ്പെടുത്താനും മനോവീര്യം തകർക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള പരാതി രാഷ്‌ട്രീയ പ്രേരിതമാണെന്നും ഹർജിയിലുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും മറ്റ് സംസ്ഥാന മന്ത്രിമാരുടെയും ടിആർഎസിന്‍റെ മുതിർന്ന നേതാക്കളുടെയും നിർദേശപ്രകാരമാണ് കേസില്‍ പരാതി നൽകിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം അച്ചംപേട്ട് മണ്ഡലത്തിലെ ഗുവ്വാല ബാലരാജ്, തണ്ടൂർ എംഎൽഎ രോഹിത് റെഡ്ഡി, കൊല്ലാപ്പൂർ എംഎൽഎ ഹർഷവർധൻ റെഡ്ഡി, പിണപാക എംഎൽഎ റേഗ കാന്ത റാവു എന്നീ നാല് എംഎൽഎമാർ ബിജെപിയിൽ ചേരണമെന്നും ഇതിനായി 100 കോടി രൂപയും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ബിജെപിയുടെ വാഗ്‌ദാനം ചെയ്‌തുവെന്നതാണ് കേസിനിടയാക്കിയ സംഭവം.