ഹൈദരാബാദ് : ടിആർഎസ് (ബിആർഎസ്) എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന് പാര്‍ട്ടി എംഎൽഎ ബൽക്ക സുമൻ. എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് പേരെ നഗരശിവരുവിലെ ഫാംഹൗസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ എംഎൽഎയ്ക്കും 100 കോടി രൂപയും മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിക്കുന്ന വ്യവസ്ഥകളും ബിജെപി വാഗ്‌ദാനം ചെയ്യുന്നുവെന്നാണ് സുമന്‍റെ ആരോപണം.
'നാല് എംഎൽഎമാരെ ബിജെപി നേതാക്കൾ വിലയ്‌ക്കെടുക്കാൻ ശ്രമിച്ചപ്പോൾ ടിആർഎസ് നേതാക്കള്‍ പൊലീസിനെ വിവരമറിയിച്ചു. പണമെറിഞ്ഞാല്‍ കിട്ടുന്നതല്ല തെലങ്കാന സമൂഹമെന്ന് ബിജെപി തിരിച്ചറിയണം. കർണാടകയിലും മഹാരാഷ്‌ട്രയിലും ഡൽഹിയിലും നടത്തിയ ഗൂഢാലോചനകളുടെ തുടര്‍ച്ചയാണ് തെലങ്കാനയിലും ബിജെപി പയറ്റുന്നത്' - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാനയിലെ പാര്‍ട്ടി നേതാക്കള്‍ കെഎസിആറിന്‍റെ നേതൃത്വത്തിൽ മത്സരിക്കും. ടിആർഎസ് എംഎൽഎമാർ ഒരിക്കലും രാജഗോപാൽ റെഡ്ഡിയെ പോലെ ചെയ്യില്ല. ടിആർഎസിനെ ദുർബലപ്പെടുത്താൻ ബിജെപി വൻ ഗൂഢാലോചന നടത്തുകയാണ്.ഇത് ജനം മനസിലാക്കും. പ്രലോഭനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എംഎൽഎ പറഞ്ഞു.
തെലങ്കാനയിൽ നിന്ന് ബിജെപിയെ പുറത്താക്കണം. കെസിആർ കേന്ദ്ര രാഷ്ട്രീയത്തിൽ ശക്തി പ്രാപിക്കുമെന്നും മോദിയെ താഴെയിറക്കുമെന്നും ബൽക്ക സുമൻ അവകാശപ്പെട്ടു.