കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ ഉദയൻ ഗുഹയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ദിൻഹത പ്രദേശത്താണ് അക്രമം നടന്നത്. തൃണമൂൽ പ്രവർത്തകരും ബിജെപി പ്രവർത്തകരും വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീട് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉദയൻ ഗുഹയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹത നിയമസഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഉദയൻ ഗുഹ മത്സരിച്ചെങ്കിലും ബിജെപിയുടെ നിതീഷ് പ്രമാണിക്കിനോട് പരാജയപ്പെട്ടു.
കൂടുതൽ വായനയ്‌ക്ക്: ബംഗാളിലെ അക്രമം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
ഞായറാഴ്ച വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചത് മുതൽ ദിൻഹതയിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്നെയും പാർട്ടി പ്രവർത്തകരെയും ബിജെപി ഗുണ്ടകൾ ആക്രമിക്കുകയായിരുന്നെന്ന് ഉദയൻ ഗുഹ ആരോപിച്ചു. അതേസമയം, ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാൻ ഗുഹയാണ് അനുയായികളെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക ബിജെപി നേതാവ് അജയ് റേ ആരോപിച്ചു.