ഡെബ്ര (പശ്ചിമബംഗാൾ) : റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത തൃണമൂൽ കോൺഗ്രസ് നേതാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ. ദിലീപ് പത്ര എന്ന പ്രാദേശിക തൃണമൂൽ നേതാവിനെയാണ് നാട്ടുകാർ ചേർന്ന് മർദിച്ചത്. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂരിലാണ് സംഭവം.
നാട്ടിലെ ടിഎംസി തൊഴിലാളി സംഘടനയുടെ നേതാവും തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ സെലിമ ഖാട്ടൂണിന്‍റെ അനുയായുമായാണ് ദിലീപ് പത്ര അറിയപ്പെടുന്നത്. രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് ഇയാൾ റെയിൽവേയിൽ ജോലി നൽകാം എന്ന് പറഞ്ഞുകൊണ്ട് പലരിൽ നിന്നും പണം വാങ്ങിയിരുന്നു.
പ്രദേശത്തെ കനൈലാൽ മുർമു എന്നയാളിൽ നിന്നും ജോലി വാഗ്‌ദാനം ചെയ്‌ത് രണ്ടര വർഷം മുന്നേ ഇയാൾ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പക്ഷേ ജോലി ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്‌തില്ല. ഇതിനിടെ കനൈലാൽ ദിലീപിനോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇയാൾ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതിനെത്തുടർന്നാണ് കനൈലാലിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ ദിലീപ് പത്രയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.