കന്യാകുമാരി: മനുഷ്യരാശിയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിനെട്ടാണ്ട്. ആയിരക്കണക്കിന് ജീവനുകള്‍ കവര്‍ന്ന രാക്ഷസ തിരമാലകള്‍ക്ക് മുമ്പില്‍ ജനങ്ങള്‍ സ്‌തംബ്‌ധരായി നിന്ന നിമിഷം. മിനിറ്റുകള്‍ കൊണ്ട് അട്ടഹസിച്ചെത്തിയ തിരമാല കരയെ ഒന്നടങ്കം കൈ പിടിയിലൊതുക്കി തിരികെ പോയി.
കടല്‍ കൈ വെള്ളയിലൊതുക്കിയത് നിരവധി പേരുടെ ജീവനും സ്വപ്‌നങ്ങളും. മൂന്ന് ലക്ഷത്തോളം പേരാണ് നിമിഷ നേരം തിരമാലകളിലലിഞ്ഞ് ഓര്‍മയായത്. അനാഥരായ നിരവധി ബാല്യങ്ങള്‍, നിസഹായരായ ഒട്ടനവധി വയോധികര്‍, കിടപ്പാടം കടലെടുത്ത ആയിര കണക്കിന് നിര്‍ധനര്‍ ഇതെല്ലാമായിരുന്നു സുനാമി ദുരന്തത്തിന്‍റെ ബാക്കി ചിത്രങ്ങള്‍.
സുനാമി ദുരന്തത്തിലകപ്പെട്ട് തമിഴ്‌നാട്ടില്‍ മാത്രം ജീവന്‍ നഷ്‌ടമായത് 80,000 പേര്‍ക്ക്. കന്യാകുമാരി കുളച്ചൽ, കൊട്ടിൽപ്പാട്, മണക്കുടി തുടങ്ങിയ തീരദേശ മേഖലകളില്‍ മരണം കവര്‍ന്നത് ആയിരത്തിലധികം പേരെ. കുളച്ചലില്‍ മരിച്ച 400ലധികം പേരെയും കോട്ടിൽപ്പാടത്ത് മരിച്ച 180 പേരുടെയും കൂട്ട സംസ്‌കാരം നടത്തി.
ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരെ അനുസ്‌മരിച്ച് തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ഇന്ന് അനുസ്‌മരണ സമ്മേളനം നടന്നു. മണക്കുടി മത്സ്യബന്ധന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് ആന്റണീസ് പള്ളിയില്‍ വിശ്വാസികള്‍ ചേര്‍ന്ന് സമ്മേളനം നടത്തി. ദുരന്തത്തിലകപ്പെട്ട് മരിച്ചവരുടെ ആത്മ ശാന്തിക്കായി സമ്മേളനത്തിനെത്തിയ ഒരോരുത്തരും ഉള്ളുരുകി പ്രാര്‍ഥിച്ചു. ഇത്തരമൊരു ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കട്ടെയെന്നും ഓരോ നാവും ഉരുവിട്ടു.
സുനാമി ദുരന്തത്തിന്‍റെ ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിരവധിയാണെങ്കിലും, 18 വര്‍ഷത്തിനിപ്പുറവും ആനുകൂല്യങ്ങള്‍ കാത്തിരിക്കുന്ന നിരവധി പേരുണ്ട് തമിഴ്‌നാട്ടില്‍. ഇത്തരം ആളുകള്‍ക്ക് നല്‍കേണ്ട ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് മണക്കുടി ദേവാലയത്തിലെ ഫാ. ആന്‍റണി അപ്പൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
സുനാമി അനുസ്‌മരണ ദിനമായ ഇന്ന് തീരദേശ മേഖലകളില്‍ നിന്ന് ആരും മത്സ്യബന്ധത്തിന് കടലില്‍ പോയില്ല. കന്യാകുമാരിക്ക് പുറമെ തൂത്തുക്കുടി, നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിലും അനുസ്‌മരണ സമ്മേളനങ്ങള്‍ നടന്നു.