കൊരാപുട്ട് (ഒഡിഷ) : ജി20 രാജ്യാന്തര സമ്മേളനത്തിൽ (G20 Summit) പങ്കെടുക്കാൻ ഡൽഹിയിലേയ്‌ക്ക് യാത്ര തിരിച്ച് ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിത കർഷകയായ റായ്‌മതി ഗിയുരിയ (Tribal woman Raimati Ghiuria). റാഗിയുൾപ്പടെയുള്ള ചെറുധാന്യങ്ങളുടെ കൃഷി രീതിയെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് റായ്‌മതിയുടെ ഈ യാത്ര. കൊരാപുട്ട് ജില്ലയിലെ കുണ്ടുര ബ്ലോക്ക് നിവാസിയായ റായ്‌മതി വെറുമൊരു കർഷകയല്ല.
ജി20 സമ്മേളനത്തിൽ ഒഡിഷയെ പ്രതിനിധീകരിക്കുന്ന ചുരുക്കം ചിലരിലൊരാളാവാൻ മാത്രം ജീവിത വിജയം നേടിയ കർഷകയാണ് റായ്‌മതി. കർഷക എന്നതിലുപരി ജൈവകൃഷി പരിശീലകയുമായ റായ്‌മതി നെല്ല്, റാഗി, മില്ലറ്റ് (മറ്റ് ചെറുധാന്യങ്ങൾ) എന്നിവയുടെ കൃഷിയിലും സംരക്ഷണത്തിലുമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. 72 പരമ്പരാഗത ഇനം നെൽ വിത്തുകളും 30 ഇനം തിനയും (72 traditional seed varieties of rice and 30 varieties of millet) കയ്യിലുള്ള ഇവർ ജൈവവളങ്ങളും ജൈവ കീടനാശിനികളും തയ്യാറാക്കൽ, വിൽപന, സംഭരണം, മില്ലറ്റ് വിപണനം എന്നിവയെ കുറിച്ച് വിദ്യാഭ്യാസം നൽകുന്ന എഫ്‌പിഒ (Bamandai Farmers Producers Company Limited) എന്ന സ്ഥാപനത്തിന്‍റെ മേധാവികൂടിയാണ്.
2012 ൽ ഗ്രാമത്തിൽ ഫാം സ്‌കൂൾ (Farm School) സ്ഥാപിക്കുന്നതിനായി സ്വന്തം കുടുംബത്തിന്‍റെ ഭൂമി തന്നെ റെയ്‌മതി സംഭാവന ചെയ്‌തിരുന്നു. 2012ൽ ന്യൂഡൽഹിയിലെ പിപിവി ആൻഡ് എഫ്ആർ അതോറിറ്റിയുടെ ജീനോം സേവർ കമ്മ്യൂണിറ്റി അവാർഡ് (Genome Saver Community Award) ലഭിച്ച ടീമിലെ അംഗം എന്നതിന് പുറമെ കാർഷിക മേഖലയിലെ വിജയഗാഥയ്‌ക്ക് നിരവധി പുരസ്‌കാരങ്ങളാണ് ഈ വനിത കർഷകയെ തേടിയെത്തിയിട്ടുള്ളത്.
സെപ്‌റ്റംബർ 9, 10 തിയതികളിൽ ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ കോരാപുട്ട് മേഖലയിൽ ഉപയോഗിക്കുന്ന പരമ്പരാഗത കാർഷിക സാങ്കേതിക വിദ്യകളും (Traditional knowledge techniques used in Koraput region) ഉയർന്ന നിലവാരമുള്ള പരമ്പരാഗത മില്ലറ്റ് ധാന്യങ്ങളായ ബാട്ടി മാണ്ഡിയ, മമി മാണ്ഡിയ (Bati Mandia and Mami Mandia) എന്നിവയെക്കുറിച്ചും റായ്‌മതി സംസാരിക്കും. രണ്ട് വർഷം മുൻപ് ജോഹന്നാസ്‌ബർഗിൽ നടന്ന അന്താരാഷ്‌ട്ര ഫോറത്തിൽ കോരാപുട്ട് മേഖലയിൽ കൃഷി ചെയ്യുന്ന നൂറുകണക്കിന് നെല്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ച് പത്മശ്രീ കമല പൂജാരി ജില്ലയ്‌ക്ക് പ്രശസ്‌തി നേടിക്കൊടുത്തിരുന്നു.