ശ്രീനഗര്‍ : മഞ്ഞുപുതച്ച കശ്‌മീരില്‍ എവിടെ കണ്ണോടിച്ചാലും നയനമനോഹര കാഴ്‌ചകളാണ്. അതുകൊണ്ടുതന്നെ പര്‍വത നിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തണുപ്പിന്‍റെ നാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് ഇപ്പോള്‍. നൂറുകണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടേക്ക് എത്തുന്നത്.
മഞ്ഞുവീഴ്‌ചയൊരുക്കിയ മലകളാല്‍ സമ്പന്നമായ ഗുൽമാർഗും പഹൽഗാമുമാണ് യാത്രികരുടെ ഇഷ്‌ട സ്ഥലം. 'ഞങ്ങൾ കശ്‌മീരിന്‍റെ സൗന്ദര്യം പലതവണ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍പ് വന്നപ്പോഴൊക്കെ കുറച്ച് ഭയമുണ്ടായിരുന്നു. ഇന്ന് തികച്ചും വ്യത്യസ്‌തമായ അന്തരീക്ഷമാണ് ഇവിടെ. ആളുകളുടെ ആതിഥ്യമര്യാദ എടുത്തുപറയേണ്ടതാണ്. കശ്‌മീരിലെ ഉള്‍നാട്ടിലുള്ളവര്‍ വളരെ മാന്യമായാണ് പെരുമാറുന്നത്. പക്ഷേ, നഗരങ്ങളിലെ ആളുകളുടെ പെരുമാറ്റം അത്ര സുഖകരമല്ല'- സഞ്ചാരികളില്‍ ഒരാള്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
ഹോട്ടലുകള്‍ 'ഹൗസ് ഫുള്‍': സോനാമാർഗ്, ഗഗാന്‍ഗീർ തുടങ്ങിയ പ്രദേശങ്ങളിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ തിരക്ക് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ കാണാനാകും എന്നതാണ് ഈ പ്രദേശത്തെ ആളുകള്‍ക്ക് ആകര്‍ഷകമാക്കുന്നത്. മഞ്ഞ് കൈകൊണ്ട് ഉരുട്ടിയുണ്ടാക്കി പരസ്‌പരം എറിയുന്ന സഞ്ചാരികളുടെ കുസൃതിക്കാഴ്‌ചകളുമുണ്ട്. കശ്‌മീരിലെ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും വിനോദ സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്.