തിരുവള്ളൂർ : തമിഴ്‌നാട്ടിൽ ഇതാദ്യമായി പഞ്ചായത്ത് സെക്രട്ടറിയായി ട്രാൻസ്‌ജെൻഡര്‍. ചന്ദൻരാജ് ദക്ഷായണിയാണ് തിരുവള്ളൂര്‍ ജില്ലയിലെ കോടുവെല്ലി പഞ്ചായത്തിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. ട്രാൻസ്‌ജെൻഡറാകും മുന്‍പ് ചന്ദൻരാജ് എന്നറിയപ്പെട്ടിരുന്ന ദക്ഷായണി, 2010ൽ അന്നംപേട് പഞ്ചായത്തിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നു.
എന്നാല്‍ തന്‍റെ സ്വത്വം തിരിച്ചറിയുകയും അതേ തുടര്‍ന്നുണ്ടായ മാനസിക പിരിമുറുക്കത്തെയും തുടര്‍ന്ന് 2015ല്‍ ജോലി രാജിവയ്‌ക്കുകയുമായിരുന്നു. പിന്നീട് ശസ്‌ത്രക്രിയയ്ക്ക് ശേഷം ട്രാൻസ്‌ജെൻഡറായി മാറിയ ചന്ദൻരാജ് ദക്ഷായണി വീണ്ടും പഞ്ചായത്ത് സെക്രട്ടറി പദവിയിലേക്ക് അപേക്ഷിച്ചു.
തുടർന്ന് തിരുവള്ളൂർ ജില്ല കലക്‌ടർ ഡോ. ആൽബിജൻ വർഗീസ് അവരെ കോടുവെല്ലി പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും നിയമന ഉത്തരവ് കൈമാറുകയുമായിരുന്നു. തമിഴ്‌നാട്ടിൽ ഇതാദ്യമായാണ് ഗ്രാമവികസന വകുപ്പിൽ ഒരു ട്രാൻസ്‌ജെൻഡറിനെ നിയമിക്കുന്നതെന്നും ഇനിയും തങ്ങളുടെ വിഭാഗത്തിന്, അവരുടെ കഴിവുകള്‍ അംഗീകരിച്ച് കൂടുതൽ സർക്കാർ ജോലികളില്‍ സംവരണം നൽകണമെന്നും ചന്ദൻരാജ് ദക്ഷായണി ആവശ്യപ്പെട്ടു.