അമരാവതി (ആന്ധ്രാപ്രദേശ്): സഞ്ചരിക്കുന്നതിനിടെ ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള വട്ടിചെരുകുരുവില്‍ തിങ്കളാഴ്‌ചയാണ് സഞ്ചരിക്കുന്നതിനിടെ ട്രാക്‌ടര്‍ തലകീഴായി മറിഞ്ഞ് കനാലില്‍ പതിച്ചത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
സംഭവം ഇങ്ങനെ: അപകടത്തില്‍ പ്രട്ടിപ്പാട് മണ്ഡലത്തിലെ കൊണ്ടേപ്പാട് ഗ്രാമത്തില്‍ നിന്നുള്ള നാഗമ്മ, മേരമ്മ, രത്‌നകുമാരി, നിർമല, സുഹാസിനി, ഝാൻസിറാണി, സലോമി എന്നിവരാണ് മരിച്ചത്. ഗുണ്ടൂർ ജില്ലയിലുള്ള വട്ടിചെരുകുരുവില്‍ ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് ഏഴുപേർ മരിക്കുകയും ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മൂന്നുപേര്‍ സംഭവസ്ഥലത്തും മറ്റ് മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ഒരാള്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഗവര്‍മെന്‍റ് ജനറല്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.
Also Read: ഉത്തർപ്രദേശില്‍ നിയന്ത്രണംവിട്ട ട്രാക്‌ടര്‍ നദിയിലേക്ക് പതിച്ചു ; 20 പേർക്ക് ദാരുണാന്ത്യം
കൊണ്ടേപ്പാട് നിന്ന് ജുപുഡിയിലേക്ക് പോവുകയായിരുന്ന ട്രാക്‌ടറാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും സ്‌ത്രീകളായിരുന്നുവെന്നും ഇവര്‍ ചില ചടങ്ങുകളിൽ പങ്കെടുക്കാൻ ചെബ്രോലു മണ്ഡലിലേക്ക് പോകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ട്രാക്‌ടര്‍ പെട്ടെന്ന് നിയന്ത്രണംവിട്ട് കനാലിലേക്ക് വീഴുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും: അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില മന്ത്രി അമ്പാടി രാംബാബു ചോദിച്ചറിഞ്ഞിരുന്നു. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്ന് ജില്ലാ കലക്‌ടറും ഉറപ്പുനൽകി. അതേസമയം ട്രാക്‌ടർ അമിത വേഗതയിൽ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ വിശദീകരണം. അപകടത്തിന്‍റെ തീവ്രത കണക്കിലെടുത്ത് മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസും അറിയിച്ചു.
Also Read: വരന്‍ അടക്കുള്ളവര്‍ സഞ്ചരിച്ച ട്രാക്‌ടര്‍ മറിഞ്ഞു; ആറ് പേര്‍ മരിച്ചു; വിവാഹം തടസപ്പെട്ടു
അപകടം മുമ്പും: അടുത്തിടെ രാജസ്ഥാനിൽ ഭക്തർ സഞ്ചരിച്ച ട്രാക്‌ടർ ട്രോളി തോട്ടിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചിരുന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് സംഭവം. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു. ജുൻജുനുവിലെ ഉദയ്‌പൂർവതി പ്രദേശത്തെ മൻസ മാതാ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍തന്നെ ഉദയ്‌പൂർവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ജില്ല കലക്‌ടർ ഡോ ഖുഷാൽ യാദവ്, എസ്‌പി മൃദുൽ കച്ചാവ എന്നിവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. മരിച്ചവരിൽ ഭൂരിഭാഗവും സ്‌ത്രീകളാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജയും അന്നദാനവും നടന്നിരുന്നു. ഇതേ തുടർന്നാണ് ഇത്രയധികം ജനങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍. പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഡോക്‌ടർമാർ അറിയിച്ചിരുന്നു.
Also Read: യുപിയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്‌ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞു; 26 മരണം