റായ്‌പൂർ:മുതിർന്ന നക്‌സൽ നേതാവും തെലങ്കാന നക്‌സൽ സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായ ഹരിഭൂഷൺ(52) കൊവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണ ബിജാപൂർ-സുക്‌മ അതിർത്തി പ്രദേശത്ത് തിങ്കളാഴ്‌ച രാത്രിയാണ് ഹരിഭൂഷൺ കൊവിഡ് ബാധിച്ച് മരിച്ചത്. ഹരിഭൂഷൺ ഉൾപ്പെടെയുള്ള മുതിർന്ന നക്‌സലുകൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിരുന്നതായും ജൂൺ 21ന് ഹരിഭൂഷൺ കൊവിഡ് ബാധിച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.
ഛത്തീസ്‌ഗഡ്-തെലങ്കാന അതിർത്തിയിലെ പ്രദേശത്ത് ഉസൂർ-പൂജാരികങ്കർ-പമേഡ് പ്രദേശത്ത് ലക്‌മു ദാദ എന്ന പേരിലാണ് ഹരിഭൂഷൺ അറിയപ്പെട്ടിരുന്നത്. കൂടാതെ യപ നാരായണ, ജഗൻ, ദുര്യോധൻ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. 22 ലധികം കേസുകളും ഇയാളുടെ പേരിലുണ്ട്. തെലങ്കാനയിലെ മെഹ്‌ബുനഗറിലെ മേഡഗുഡം സ്വദേശിയായ ഹരിഭൂഷന്‍റെ തലക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
Also Read: കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഹിസ്‌ബുൾ തീവ്രവാദി കൊല്ലപ്പെട്ടു
നക്‌സൽ ക്യാമ്പുകളിലെ കൊവിഡ്
അതേ സമയം 2019 ഡിസംബറിൽ മറ്റൊരു നക്‌സൽ നേതാവ് രമണ ദക്ഷിണ ബസ്‌തർ മേഖലയിൽ അസുഖം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടയിൽ രണ്ട് മുതിർന്ന ഡികെഇസെഡ്എസ്‌സി അംഗങ്ങളായ ഗംഗ, സൊഫ്രോയ് എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു. നക്‌സൽ ക്യാമ്പുകളിലെ സ്ഥിതി വളരെ ഭയാജനകമാണെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ 16ലധികം മുതിർന്ന നക്‌സൽ നേതാക്കൾ കൊവിഡ് ബാധിച്ച് മരിച്ചതായും ബസ്‌തർ ഐ.ജി പറഞ്ഞു. നിരവധി പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും എന്നാൽ അവർക്ക് ചികിത്സ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.