ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അഭിഭാഷകയായ നികിത ജേക്കബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കുക. കേസില്‍ ആക്‌ടിവിസ്റ്റും അഭിഭാഷകയുമായ നികിത ജേക്കബിന്‍റെ മൂന്നാഴ്‌ചത്തെ ഇടക്കാല സംരക്ഷണം നാളെ അവസാനിക്കുന്നതാണ്.
ഹര്‍ജിയില്‍ പ്രതികരണമറിയിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് ദര്‍മേന്ദ്രര്‍ റാണ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയിരുന്നത്. കഴിഞ്ഞ മാസം 17നാണ് ബോംബെ ഹൈക്കോടതി നികിത ജേക്കബിന് മൂന്നാഴ്‌ചത്തെ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നികിത ജേക്കബിന്‍റെ അറസ്റ്റ് തടയുന്നതില്‍ നിന്നുള്ള സംരക്ഷണം നാളെയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്‌ച നികിത പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ നികിതക്ക് പുറമേ ദിഷ രവിയും ശന്തനു മുലുകും നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേസില്‍ ഇരുവരെയും ഡല്‍ഹി പൊലീസിന്‍റെ സൈബര്‍ സെല്‍ കഴിഞ്ഞ മാസം ചോദ്യം ചെയ്‌തിരുന്നു. ഫെബ്രുവരി 23 നാണ് ദിഷ രവിക്ക് കോടതി ജാമ്യം അനുവദിച്ചത്.
അതേ സമയം മാര്‍ച്ച് 9 വരെ ശന്തനു മുളുകിനും ഇടക്കാലം സംരക്ഷണം അനുവദിച്ചിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ പൊലീസിനെ ഇവരെ അറസ്റ്റ് ചെയ്യാന്‍ അനുവാദമില്ല. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 'ടൂൾകിറ്റ്' സൃഷ്‌ടിച്ചതിനാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു മുലുക് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.