ന്യൂഡല്‍ഹി: ഗ്രേറ്റ തുന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പിനോട് ഡല്‍ഹി പൊലീസ് വിശദീകരണം തേടി. പൊലീസ് കസ്റ്റഡിയിലുള്ള ദിശ രവി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്‍റെ വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നേരത്തെ റിപ്പബ്ലിക് ദിനത്തിന് തലേന്ന് നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ദിശയ്ക്കും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം.ഒ ധലിവാളിനും ഒപ്പം പങ്കെടുത്തതായി പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബ് സമ്മതിച്ചിരുന്നു. നാല് ദിവസം മുമ്പ് പ്രത്യേക അന്വേഷണ സംഘം നികിതയുടെ മുംബൈയിലെ വീട്ടിലെത്തി ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു.
ഇതോടൊപ്പം ദിശ രവി അഡ്മിനായി ഡിസംബര്‍ ആറിന് ആരംഭിച്ച വാട്‌സ്പ്പ് ഗ്രൂപ്പിന്‍റെ വിശദാശങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ''ഇന്‍റര്‍നാഷണല്‍ ഫാര്‍മേഴ്‌സ് സ്ട്രൈക്ക്'' എന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചത്. 10 പേരടങ്ങിയ ഗ്രൂപ്പിലെ നമ്പറുകള്‍ ദിശ ഫോണില്‍ നിന്ന് നീക്കം ചെയ്തെന്നാണ് പൊലീസ് വാദം.