ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യ ആദ്യ സ്വർണം നേടി ചരിത്രം കുറിച്ചു. പുരുഷ സിംഗിൾസില്‍ എസ്എല്‍ 3 വിഭാഗത്തിലാണ് ഇന്ത്യൻ താരം പ്രമോദ് ഭഗത് സ്വർണം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ മനോജ് സർക്കാർ വെങ്കലം നേടി.
45 മിനിട്ട് നീണ്ട ഫൈനലില്‍ ബ്രിട്ടീഷ് താരം ഡാനിയേല ബെതലിനെ 21-14, 21-17 സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രമോദ് സ്വർണം നേടിയത്. ഈ വിഭാഗത്തില്‍ മുപ്പത്തിമൂന്നുകാരനായ പ്രമോദാണ് ലോക ഒന്നാം നമ്പർ താരം.
ഒഡിഷ സ്വദേശിയായ പ്രമോദ് ചെറുപ്പത്തില്‍ പോളിയോ ബാധിതനായി ഇടത്തേ കാലിന് സ്വാധീനം കുറഞ്ഞിട്ടും മൂന്ന് തവണ ലോകചാമ്പ്യനായി. മനോജ് സർക്കാർ വെങ്കല പോരാട്ടത്തില്‍ ജപ്പാൻ താരം ദയ്‌സുകെ ഫുജിഹാരെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോല്‍പ്പിച്ചത്.
ഇതോടെ ടോക്കിയോ പാരാലിമ്പിക്‌സില്‍ നാല് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നിലവില്‍ ഇന്ത്യ 25-ാം സ്ഥാനത്താണ്.