മുംബൈ: അമ്മയുടെ മൃതദേഹത്തിനടുത്ത് കിടന്ന് ഉറങ്ങിയ ഒന്നര വയസുകാരനെ രണ്ട് വനിതാ കോൺസ്റ്റബിളുമാർ ചേർന്ന് രക്ഷപെടുത്തി. പൂനെയിലാണ് സംഭവം. കുട്ടിയുടെ അമ്മ കുറഞ്ഞത് രണ്ട് ദിവസങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെയാണ് കുട്ടിയുടെ അമ്മ സരസ്വതി രാജേഷ് കുമാർ(29) മരിച്ച വിവരം അയൽക്കാർ അറിയുന്നത്. എന്നാൽ കൊവിഡ് ഭീതി ഉള്ളത് കൊണ്ട് ആരും അടുത്തേക്ക് ചെല്ലാൻ തയാറാകുകയോ രണ്ട് ദിവസമായി പട്ടിണി കിടക്കുന്ന കുട്ടിയെ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിക്ക് ഭക്ഷണം നൽകുകയും രക്ഷിക്കുകയുമായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മരിച്ച സ്ത്രീയുടെ ഭർത്താവ് ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഉത്തർപ്രദേശിൽ പോയ സമയത്താണ് സംഭവം നടക്കുന്നത്. ഭർത്താവുമായി പൊലീസ് ബന്ധപ്പെടുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രഥമദൃഷ്ട്യാ സ്ത്രീ ആത്മഹത്യ ചെയ്തതായാണ് വിവരം.