തിരുനെൽവേലി: തമിഴ്‌നാട് തിരുനെൽവേലിയിലെ മുന്നീർപള്ളത്തിന് സമീപം അടൈമിത്തിപ്പൻകുളത്തെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ മൂന്ന് മരണം. ലോറി ഡ്രൈവറായ രാജേന്ദ്രൻ, ഹിറ്റാച്ചി ഓപ്പറേറ്റർമാരായ സെൽവം, മുരുകൻ എന്നിവരാണ് മരിച്ചത്. പാറകൾക്കിടയിലുള്ള ഹിറ്റാച്ചി യന്ത്രത്തിനടിയിൽ കുടുങ്ങിയ സെൽവകുമാർ എന്ന തൊഴിലാളിയെ ജീവനോടെ കണ്ടെത്തിയെങ്കിലും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിപ്പെടാനായിട്ടില്ല.
15 മണിക്കൂറോളമായി ഇയാൾ ഇതിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്‌ച (14.05.2022) അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ക്വാറിയുടെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ താഴെ ഉണ്ടായിരുന്ന തൊഴിലാളികളുടെ മേൽ ഉരുണ്ട് വീഴുകയായിരുന്നു.
ആറ് തൊഴിലാളികളാണ് അപകടസ്ഥലത്ത് കുടങ്ങിയത്. ഇതിൽ വിജയ്, മുരുകൻ എന്നിവരെ അഗ്നിശമനസേന നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് രക്ഷാ പ്രവർത്തനത്തിനായി സ്ഥലത്ത് ഹെലികോപ്‌ടറും എത്തിച്ചിരുന്നു. ഹിറ്റാച്ചിക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സെൽവകുമാറിനെ പുറത്തെത്തിക്കണമെങ്കിൽ വെൽഡിങ് മെഷീൻ ഉപയോഗിച്ച് വാഹനം മുറിച്ച് മാറ്റണം.
എന്നാൽ ഇയാൾ കിടക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള വഴി കല്ലുകൾ വീണ് അടഞ്ഞിരിക്കുകയാണ്. തുടർച്ചായായി പാറകൾ ഇടിഞ്ഞ് വീഴുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമായി മാറിയിട്ടുണ്ട്.
ശരീരത്തിൽ ഹിറ്റാച്ചി വീണുകിടക്കുന്നതിനാൽ ഇയാളുടെ നില കൂടുതൽ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇയാളെ പുറത്തെത്തിക്കുന്നതിനായി ആരക്കോണത്ത് നിന്ന് ദേശീയ ദുരന്തനിവാരണ സേന തിരിച്ചിട്ടുണ്ട്. എന്നാൽ റോഡ് മാർഗം എത്തുന്ന സംഘത്തിന് അപകട സ്ഥലത്തെത്താൻ ഇനിയും മണിക്കൂറുകൾ വേണ്ടിവരും.