ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ പാഴാക്കുകയാണെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ. ജനുവരി 16ന് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതു മുതൽ സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിൻ പാഴാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ തമിഴ്‌നാട് മാത്രം 12 ശതമാനത്തിലധികം വാക്സിൻ പാഴാക്കിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് നിലവിൽ 10 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്യാനായി ഉള്ളത്. ഏപ്രിൽ 18ന് സംസ്ഥാനത്ത് ഒരു ലക്ഷം വാക്‌സിൻ ഡോസ് എത്തിയെന്നും ആറ് ലക്ഷം കൊവിഷീൽഡ് വാക്‌സിൻ കേന്ദ്രസർക്കാരിന്‍റെ ഗോഡൗണിൽ നിന്ന് സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.
വിവരാവകാശ രേഖ പ്രകാരം 44 ലക്ഷം കൊവിഡ് ഡോസുകളാണ് സംസ്ഥാനങ്ങൾ പാഴാക്കിയത്. സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാർ കൊവിഡ് മുൻനിര പോരാളികളോടാണ് വാക്സിനേഷൻ എടുക്കാൻ ആവശ്യപ്പെട്ടതെന്നും തുടർന്ന് വാക്‌സിനേഷനിൽ വിശ്വാസം നഷ്ടപ്പെട്ട ആളുകൾ വാക്‌സിനേഷന് എടുക്കാതിരുന്നതിനെ തുടർന്നാണ് വാക്‌സിൻ ഡോസുകൾ പാഴായതെന്നും അദ്ദേഹം ആരോപിച്ചു.
പത്ത് ഡോസ് വാക്‌സിൻ ഉണ്ടെങ്കിൽ ആറ് ഡോസാണ് ആളുകൾ സ്വീകരിക്കുന്നതെന്നും ഇതിൽ നാല് ഡോസ് പാഴാകുകയുമാണ് ചെയ്യുന്നതെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു. വാക്‌സിൻ പാഴാകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും കരിഞ്ചന്തയിൽ എത്താത്തതാണ് ഇതിന് പ്രധാന കാരണമെന്നും ആരോഗ്യ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.