ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം പടക്ക നിർമാണശാലകളിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്ക് ദാരുണാന്ത്യം (TN Firecracker Units Blast- Several Killed And Wounded). വിരുദുനഗർ ജില്ലയില്‍ എം ബുധുപ്പട്ടി രംഗപാളയം ഭാഗത്തും, ഇതേ ജില്ലയിലെ റെഡ്ഡിയാപ്പട്ടിയിലും പ്രവർത്തിക്കുന്ന പടക്ക നിർമാണശാലകളിലാണ് ഇന്ന് വൈകിട്ട് പൊട്ടിത്തെറി നടന്നത്. രണ്ടിടങ്ങളിലും ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.
ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണശാലകളും സ്ഥിതി ചെയ്യുന്നത്. ബുധുപ്പട്ടി രംഗപാളയത്തെ കനിഷ്‌കർ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 10 തൊഴിലാളികളാണ് ഇതുവരെ മരിച്ചത്. പതിനഞ്ചിലധികം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.
Also Read: സാത്തൂരിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി ; മൂന്ന് മരണം
റെഡ്ഡിയാപ്പട്ടി പ്രദേശത്ത് മുത്തു വിജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ വെമ്പു എന്ന തൊഴിലാളി വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പൊട്ടിത്തെറികൾക്ക് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സ്‌ഫോടനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.