കൊൽക്കത്ത : ജൂലൈയിൽ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കുന്ന പാർട്ടി പ്രവർത്തകരെ തിരിച്ചെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. ദക്ഷിണ കൊൽക്കത്തയിലെ ഭബാനിപൂർ ഏരിയയിലെ വസതിയിൽ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സ്വതന്ത്രരായി മത്സരിക്കുന്ന പാർട്ടി പ്രവർത്തകരോട് സ്ഥാനാർഥിത്വം പിൻവലിക്കാനും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികളെ പിന്തുണയ്‌ക്കാനും ടിഎംസി എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജി ആവശ്യപ്പെട്ടു.
ഇതൊരു വലിയ പോരാട്ടമാണ്. ഇവിടെ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്രരായി മത്സരിക്കുന്നവർ പാർട്ടി താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും ബാനർജി കൂട്ടിച്ചേർത്തു. നാമനിർദേശ പത്രിക സമർപ്പണവേളയിൽ സംസ്ഥാനത്തുടനീളം രക്തരൂക്ഷിതമായ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്.
മുസ്‌തഫ ഷെയ്‌ഖിന്‍റെ കൊലപാതകം : മാൾഡ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുസ്‌തഫ ഷെയ്‌ഖ് കൊല്ലപ്പെട്ടിരുന്നു. വീട്ടിലേക്ക് പോവുകയായിരുന്ന ഷെയ്‌ഖിനെ സുജാപൂർ പ്രദേശത്തുവച്ച് അജ്‌ഞാതരായ അക്രമികൾ മർദിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്ന മുൻ തൃണമൂൽ പ്രവർത്തകരാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായ ഷെയ്‌ഖിനെ ആക്രമിച്ചതെന്ന് മന്ത്രി സബീന യെസ്‌മിൻ ആരോപിച്ചു. അതേസമയം പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തൃണമൂൽ പ്രവർത്തകർ പ്രദേശത്ത് ഉപരോധസമരം നടത്തി. എന്നാൽ ആരോപണങ്ങൾ ജില്ല കോൺഗ്രസ് നേതൃത്വം നിഷേധിച്ചു.
കൊലപാതകത്തിന് കാരണം ചേരിപ്പോര് : തൃണമൂൽ കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് കൊലപാതകത്തിന് കാരണമെന്നും കോൺഗ്രസിന് പങ്കില്ലെന്നും പാര്‍ട്ടി അറിയിച്ചു. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള ജില്ലയായ മാൾഡ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ജൂലൈ എട്ടിന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തെച്ചൊല്ലിയുണ്ടായ വ്യാപക അക്രമത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സുവേന്ദു അധികാരിയുടെ ട്വീറ്റ് : ഇന്നലെ ദിൻഹട്ടയിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിസിത് പ്രമാണിക്കിനെ രണ്ടാം തവണ ആക്രമിച്ച ടിഎംസി ഗുണ്ടകളുടെ ഈ ഹീനമായ നടപടിയെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പൊലീസ് അക്ഷരാർഥത്തിൽ നിസ്സഹായരാണ്. ഒരു കേന്ദ്രമന്ത്രി സുരക്ഷിതനല്ലെങ്കിൽ പൊതുജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും സ്ഥിതി എന്താണെന്നും സുവേന്ദു അധികാരി ട്വീറ്റിലൂടെ ചോദിച്ചു.