ബെംഗളൂരു: വോട്ടെടുപ്പ് ഘട്ടങ്ങളായി നടത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ് കൃഷ്‌ണ മൂര്‍ത്തി. ഭാവി തെരഞ്ഞെടുപ്പുകളില്‍ ഒറ്റ ഘട്ടമായി വോട്ട് നടത്തണമെന്നും പ്രചാരണം കുറച്ചു കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്ത് പൊതുയോഗങ്ങളും, റാലികളും നിരോധിക്കാന്‍ കഴിയില്ല. പകരമായി പ്രചാരണവും പൊതുയോഗങ്ങള്‍ നടത്തുന്ന സമയവും ദിവസങ്ങളും കുറച്ചുകൊണ്ടു വരാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ശ്രമിക്കാമെന്നും കൃഷ്‌ണ മൂര്‍ത്തി പറഞ്ഞു.
ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംഘര്‍ഷം ലഘൂകരിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തിയാല്‍ പോലും സംഘര്‍ഷങ്ങളെയും വിദ്വേഷത്തെയും ലഘൂകരിക്കാന്‍ കഴിയില്ലെന്നാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സാധ്യമായേക്കില്ലെന്നും എന്നാല്‍ ഇവിടങ്ങളില്‍ വോട്ടെടുപ്പ് രണ്ടും, മൂന്നും ഘട്ടമായി ചുരുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.