ഷിമോഗ (കർണാടക) : കർണാടകയിലെ ഷിമോഗയിലെ ഡോഗ് ഷോയില്‍ താരമായി ടിബറ്റന്‍ മസ്‌തിഫ് ഇനത്തില്‍പ്പെട്ട നായ. ബെംഗളൂരു സ്വദേശി സതീഷ് എന്നയാള്‍ വളര്‍ത്തുന്ന 'ഭീമ' എന്ന് വിളിക്കുന്ന നായയാണ് പരിപാടിയുടെ ശ്രദ്ധ കവര്‍ന്നത്. 'ഭീമ'യ്ക്ക് പത്ത് കോടി രൂപ വിലയുണ്ടെന്നാണ് ഉടമയുടെ അവകാശവാദം.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ഷിമോഗയിലെ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ഡോഗ് ഷോയിലാണ് സംഭവം. ഒരു മണിക്കൂർ മാത്രമേ ഡോഗ് ഷോയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചെറിയ സമയം കൊണ്ട് നിരവധി ആരാധകരെ 'ഭീമ' സ്വന്തമാക്കി. നായയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും കൂടുതല്‍ വിവരങ്ങളറിയാനും നിരവധി പേരാണ് തടിച്ചുകൂടിയത്.
ചൈനയിലെ ബീജിങ്ങില്‍ നിന്ന് 2 വര്‍ഷം മുന്‍പാണ് സതീഷ് നായയെ വാങ്ങിയത്. ഒരു മാസം കാല്‍ ലക്ഷത്തോളം രൂപയാണ്, 100 കിലോ ഭാരമുണ്ടെന്ന് അവകാശപ്പെടുന്ന നായയ്ക്കായി ഉടമ സതീഷ് ചെലവഴിക്കുന്നത്. റോയല്‍ കാനിന്‍ റെഡി ഫുഡും ചിക്കനുമാണ് ഭക്ഷണം. തണുത്ത കാലാവസ്ഥയില്‍ ജീവിക്കുന്ന ഇനത്തില്‍പ്പെട്ടതായതിനാല്‍ 'ഭീമ'യ്ക്ക് വേണ്ടി എയര്‍ കണ്ടീഷന്‍ഡ് മുറിയും സതീഷ് ഒരുക്കിയിട്ടുണ്ട്.