ഹൈദരാബാദ്: മൂന്ന് വനിത ഐപിഎസ് ഓഫിസര്‍മാര്‍, മൂന്നുപേരെയും ഈ പദവികളിലെത്തിച്ചത് അവരുടെ ഒരോയൊരു ശക്തി. അമ്മമാര്‍ നല്‍കിയ ആത്‌മധൈര്യമാണ് ആ നിര്‍ണായക ശക്തിയായി ഇവരുടെ ജീവിതത്തില്‍ വഴി തെളിയിച്ചത്. രാജസ്ഥാന്‍, ഹൈദരാബാദ്, തമിഴ്‌നാട് എന്നീ സ്വദേശിനികളാണ് ഐപിഎസ് ഓഫിസര്‍ എന്ന തങ്ങളുടെ ജീവിതത്തിലെ പ്രധാന നേട്ടം കൈവരിച്ചത്. ഹൈദരാബാദ് സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നും ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ദീക്ഷ, ശേഷാദ്രിനി റെഡ്ഡി, നിത്യ രാധാകൃഷ്‌ണന്‍ എന്നിവരാണ് ഈ താരങ്ങള്‍.
വഴിത്തിരിവായത് ദീക്ഷയുടെ ആ ചിന്ത: രാജസ്ഥാനിലെ ഖേത്രി സ്വദേശിനിയാണ് ദീക്ഷ. പിതാവ് ഭൂപേഷ്, സര്‍ക്കാര്‍ വകുപ്പില്‍ അസിസ്റ്റന്‍റ് ജനറൽ മാനേജരും മാതാവ് സുനിത അധ്യാപികയുമാണ്. ഡൽഹി ഐഐടിയിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിടെക്കിന് പഠിക്കുമ്പോഴാണ് ദീക്ഷയ്‌ക്ക് സിവിൽ സര്‍വീസ് എഴുതണമെന്ന ലക്ഷ്യം മനസില്‍ ഉദിച്ചത്. ദിവസവും 13 മണിക്കൂറാണ് നീന്തൽ, ഓട്ടം, ഫയറിങ് തുടങ്ങിയ ഐപിഎസ് പരിശീലനത്തിന് ദീക്ഷ സ്വയം സമര്‍പ്പിച്ചത്. കഠിനമായ പരിശീലന കാലയളവില്‍ അടക്കം അമ്മ സുനിതയാണ് ഉള്‍ക്കരുത്തായി ദീക്ഷയുടെ കൂടെയുണ്ടായിരുന്നത്.
'ഒന്‍പത് കിലോ ഭാരവുമായി അർധരാത്രിയിൽ 40 കിലോമീറ്റർ നടക്കേണ്ടിയിരുന്നു. പലപ്പോഴും എന്തിന് ഇങ്ങനെ കഷ്‌ടപ്പെടണമെന്ന് തോന്നി. പക്ഷേ, ഒരു സാധാരണ സ്‌ത്രീയിൽ നിന്ന് ശക്തയായ പൊലീസ് ഉദ്യോഗസ്ഥയാകാന്‍ ഈ പരിശീലനം എന്നെ പ്രാപ്‌തയാക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഞാന്‍ ആത്മനിയന്ത്രണം, ആത്മവിശ്വാസം, വികാരങ്ങളുടെ നിയന്ത്രണം എന്നിവ പഠിച്ചു. ഇൻഡോർ, ഔട്ട്ഡോർ പരിശീലനത്തില്‍ സ്വോർഡ് ഓഫ് ഓണര്‍ നേടി ഒന്നാമതെത്താന്‍ എനിക്കായി'- ദീക്ഷ പറയുന്നു.
'മികച്ച ഔട്ട്ഡോർ പ്രൊബേഷണര്‍, പ്ലാറ്റൂൺ കമാൻഡര്‍ എന്നിവ ആവാനും കഠിനാധ്വാനം എന്നെ പ്രാപ്‌തയാക്കി. അക്കാദമിയുടെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാവാന്‍ എനിക്ക് കഴിഞ്ഞു. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഒരു ഫീൽഡ് ട്രിപ്പിനിടെ ഞങ്ങൾ ജയിലിലായി. ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നവരെയടക്കം ഞാൻ കണ്ടു. അവരുടെ കഥകൾ മറക്കാൻ കഴിയില്ല. നമുക്കെല്ലാവർക്കും നമ്മൾ ആഗ്രഹിക്കുന്നത് നേടാൻ കഴിയും. നമ്മളിൽ തന്നെ വിശ്വസിക്കൂ' - ദീക്ഷ തന്‍റെ അനുഭവം വിവരിച്ചു.
മുന്നിട്ട് നില്‍ക്കണം, സ്‌ത്രീയായിട്ട്...: 'സിവിൽ കോൺട്രാക്‌ടറായ പിതാവ് സുധാകർ റെഡ്ഡി, മാതാവ് കവിത, ഇളയ സഹോദരന്‍ എന്നിവരോടൊപ്പം ഞങ്ങള്‍ ഹൈദരാബാദില്‍ ആണ് കഴിയുന്നത്. ജോലിയില്‍ മിടുക്കനായ അച്ഛനാണ് ജനസേവനം ചെയ്യാന്‍ എനിക്ക് മാതൃകയായത്. ഹൈദരാബാദ് ഐഐടിയിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കി. ശേഷമാണ് സിവിൽ സര്‍വീസിന്‍റെ ഭാഗമായത്' - ശേഷാദ്രിനി റെഡ്ഡി തന്‍റെ ഐപിഎസ് സര്‍വീസിന്‍റെ തുടക്കത്തെക്കുറിച്ച് വിവരിക്കുന്നു.
മാതാപിതാക്കള്‍, പ്രത്യേകിച്ച് അമ്മ നല്‍കിയ പ്രോത്സാഹനത്തിന്‍റെ കരുത്തിലാണ് ശേഷാദ്രിനി രണ്ടാം തവണ വിജയം കുറിച്ചത്. ആഗ്രഹിച്ചത് ഐഎഎസ് പദം ആയിരുന്നെങ്കിലും കിട്ടിയത് ഐപിഎസാണ്. രണ്ടിന്‍റേയും ലക്ഷ്യം ജനസേവനം. നല്ല മാതൃകകളായി എനിക്ക് അനുഭവപ്പെട്ടവരില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ശേഷാദ്രി പറയുന്നു. സ്‌ത്രീയെന്ന നിലയില്‍ ഒരിക്കലും പിന്നാക്കം പോവരുത്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നന്നായി ഇടപെടുമെന്നും ശേഷാദ്രി ആത്മധൈര്യത്തോടെ പറയുന്നു.
ആത്മധൈര്യമേകിയത് അമ്മയുടെ ജീവിതം: ഐടി ജോലി ഉപേക്ഷിച്ചാണ് നിത്യ രാധാകൃഷ്‌ണൻ സിവിൽ സര്‍വീസിലെത്തിയത്. നാല് വർഷം ഐടി മേഖലയിലും രണ്ടര വർഷം അക്കൗണ്ടന്‍റായും ജോലി ചെയ്‌തിട്ടുണ്ട് നിത്യ. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നിത്യയ്‌ക്ക് ഐപിഎസ് നേടണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിന് അമ്മ അനുപമ ദേവി ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു. നിത്യ ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ പഠിച്ച് ടീച്ചറായത്. ഇതാണ് അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയത്.
'തമിഴ്‌നാട്ടിലെ തലൈവാസലാണ് ഞങ്ങളുടെ സ്വദേശം. അച്ഛൻ രാധാകൃഷ്‌ണൻ ഒരു കർഷകനായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് എനിക്ക് ഒരു മകനുണ്ടായത്. ശേഷം, എൻട്രൻസ് പരീക്ഷ എഴുതി സിവിൽ സര്‍വീസില്‍ തെരഞ്ഞെടുക്കപ്പെട്ടു. എനിക്ക് കായികത്തോട് വലിയ താത്‌പര്യമുണ്ട്. യോഗ, ഫയറിങ്, കുതിര സവാരി, നീന്തൽ എന്നിവ വളരെ ഇഷ്‌ടമാണ്. അതുകൊണ്ടുതന്നെ ഐപിഎസ് പരിശീലനത്തിന്‍റെ ഭാഗമായുള്ള ഇവ എനിക്ക് ബുദ്ധിമുട്ടായി തോന്നിയില്ല'- നിത്യ രാധാകൃഷ്‌ണൻ പറഞ്ഞു.
'പരിശീലനത്തിന്‍റെ ഭാഗമായി അർധരാത്രി റൂട്ട് മാർച്ചിൽ ഒന്‍പത് കിലോ ഭാരം താങ്ങി എട്ട് മണിക്കൂർ 40 കിലോമീറ്റർ നടക്കണം. രണ്ട് മണിക്കൂർ മാരത്തണിൽ 21 കിലോമീറ്റർ ഓടണം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത പരിശീലനം. ഔട്ട്ഡോർ പരിശീലനത്തിൽ 'ബെസ്റ്റ് ലേഡി പ്രൊബേഷണർ' എന്ന ട്രോഫി ലഭിക്കുകയുണ്ടായി' - നിത്യ തന്‍റെ നേട്ടങ്ങളെക്കുറിച്ച് വിവരിച്ചു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവര്‍ക്കും വേശ്യാവൃത്തി ചെയ്യുന്നവര്‍ക്കും നിയമപരമായ പിന്തുണ നൽകണമെന്നതാണ് നിത്യയുടെ വലിയ ലക്ഷ്യം. അച്ഛന് പൊലീസായാല്‍ പോരായിരുന്നു, അമ്മയെന്തിന് ആയെന്ന് ചോദിച്ച മകന് തുല്യതയെക്കുറിച്ച് പഠിച്ചിപ്പിച്ച അനുഭവവും നിത്യ വിവരിച്ചു.