പലാമു (ജാര്‍ഖണ്ഡ്) : പലാമു സങ്കേതത്തില്‍ മൂന്ന് കടുവകളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ രാജ്യത്തെ കടുവ സങ്കേതങ്ങളിലായുള്ള കടുവകളുടെ എണ്ണം കണ്ടെത്താനുള്ള സെന്‍സസില്‍ ഇവ കൂടി ഉള്‍പ്പെടും. അതേസമയം ഞായറാഴ്ച കർണാടകയിലെ മൈസൂരിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കും.
പലാമു കടുവ സങ്കേതത്തിലുള്ളവയുടെ എണ്ണം കണക്കാക്കുന്നതിനായി ഇവയുടെ കാല്‍പ്പാടുകള്‍, കാഷ്‌ഠം, കടുവകളുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ചു. തുടര്‍ന്ന് കാല്‍പ്പാടുകളും, വിസര്‍ജ്യവും പരിശോധനയ്‌ക്കായി ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടുന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പലാമു കടുവ സങ്കേതമുള്‍പ്പെടുന്ന പ്രദേശത്ത് മൂന്നെണ്ണമുള്ളതായി സ്ഥിരീകരിച്ചത്. 2021 ഡിസംബര്‍ മുതല്‍ 2022 ജൂലൈ വരെ പലാമു കടുവ സങ്കേത പ്രദേശത്ത് കണ്ടെത്തുന്ന സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് എണ്ണം കണക്കാക്കുന്നത്. അതേസമയം അടുത്തകാലത്ത് പലാമു റിസര്‍വ് മേഖലയിൽ എത്തിയ കടുവയെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
കടുവകളുടെ എണ്ണവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ആൻഡ് വൈൽഡ് ലൈഫ് ഓഫ് ഇന്ത്യ ഞായറാഴ്ച പുറത്തുവിടും. രാജ്യത്തെ എല്ലാ ടൈഗർ റിസർവുകളിലെയും ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ പങ്കെടുക്കും. മാത്രമല്ല ജാർഖണ്ഡിലെ പിസിസിഎഫ് കം വൈൽഡ് ലൈഫ് ഹോഫും പലാമു ടൈഗർ റിസർവ് ഡയറക്‌ടറും പരിപാടിയിൽ പങ്കെടുക്കാൻ മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.
2018ലും 1129 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പലാമു കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന് പ്രദേശത്ത് ഒരു കടുവ പോലും ഇല്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാല്‍ തൊട്ടുപിന്നാലെ 2021 ജനുവരിയില്‍ ഈ പ്രദേശത്ത് കടുവ ചത്തതായി കണ്ടെത്തിയിരുന്നു.
Also Read: 'അമ്മയോടൊപ്പം തുള്ളിച്ചാടി കുഞ്ഞൻമാർ'; ദുധ്വ ടൈഗർ റിസർവിൽ അഞ്ച് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി
അടുത്തിടെ സിന്ധ്യ രാജ കുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ശിവപുരിയിലെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ചവയില്‍ ഒരു കടുവയെ കാണാതായിരുന്നു. മൂന്ന് കടുവകളെ മാധവ് ദേശീയ പാര്‍ക്കില്‍ തുറന്നുവിടാനായിരുന്നു തീരുമാനം. രണ്ട് പെണ്‍ കടുവകളും ഒരു ആണ്‍ കടുവയും ഉള്‍പ്പെടുന്ന ഇവയില്‍ പെണ്‍ കടുവയെയാണ് കാണാതായത്.
ബിജെപിയിലേക്ക് ചേക്കേറി കേന്ദ്ര വ്യോമയാന മന്ത്രിയായി മാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് അന്തരിച്ച മാധവ് റാവു സിന്ധ്യ. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും ഒരുമിച്ചാണ് ദേശീയ പാര്‍ക്കിലേക്ക് കടുവകളെ തുറന്നുവിടാന്‍ നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് ഈ സംഭവമുണ്ടായത്.