ബെംഗളൂരു : വളർത്തുനായകളെ കാണാതാകുന്നതും കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുമുളള വാർത്തകൾ എന്നും കേൾക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി പരിപാലിക്കുന്ന തെരുവ് നായ്ക്കളെ കാണാതായതിനെ തുടർന്ന് കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു സ്വദേശി ( (Three Stray Dogs Go Missing - Bengaluru Man Announces Reward).
കഴിഞ്ഞ 10 വർഷമായി താൻ പരിപാലിക്കുന്ന മൂന്ന് തെരുവ് നായ്ക്കളെ കാണാതായെന്നും ഇതിന് കാരണക്കാരൻ പ്രദേശത്തുളള ഒരു തൊഴിലാളിയാണെന്നുമാണ് യുവാവിന്‍റെ പരാതി. അതേസമയം നായ്ക്കളെ തിരികെ കൊണ്ടുവരുന്നവർക്ക് 35,000 രൂപ പാരിതോഷികമാണ് യുവാവ് പ്രഖ്യാപിച്ചിട്ടുളളത്.
തെരുവ് നായ്ക്കളെ പോറ്റി വളർത്തുന്ന സംഭവ പ്രകാശാണ് ബെംഗളൂരു ശേഷാദ്രിപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്
സംഭവം ഇങ്ങനെ: ശേഷാദ്രിപുരത്ത് കുമാര പാർക്ക് വെസ്‌റ്റിനടുത്തുള്ള ഒരു കമ്പനിയിലാണ് പ്രകാശ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 15 വർഷമായി ലണ്ടനിൽ താമസിക്കുന്ന ഉടമയായ വേപലവി മഹേന്ദ്രയുടെ വീടിന്‍റെ ഒന്നാം നിലയിലാണ് കമ്പനിയുടെ ഓഫിസ്.
അതേസമയം ബെംഗളൂരുവിലെ തെരുവ് നായ്ക്കളെ പോറ്റാനുള്ള ചുമതല മഹേന്ദ്ര പ്രകാശിനെ ഏൽപ്പിച്ചിരുന്നു. വർഷത്തിലൊരിക്കൽ മഹേന്ദ്ര തന്‍റെ ജന്മനാട്ടിൽ വരികയും ഈ സമയം അദ്ദേഹം നായ്ക്കൾക്ക് ഭക്ഷണം നൽകാറുമുണ്ടായിരുന്നു.
എന്നാൽ ഒക്ടോബർ 4 മുതൽ സംഭവസ്ഥലത്തു നിന്നും മൂന്ന് നായ്ക്കളേയും കാണാതായതായി പ്രകാശ് പരാതിപ്പെട്ടു. തൊഴിലാളി തന്‍റെ നായ്ക്കളെ പിടികൂടി മറ്റൊരിടത്ത് ഉപേക്ഷിച്ചതായി പരാതിയിൽ പ്രകാശ് ആരോപിച്ചു.
പ്രദേശത്ത് നിന്നും നായ്ക്കളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് അദ്ദേഹം മൃഗസംരക്ഷണ കേന്ദ്രങ്ങൾ ഉൾപ്പടെ പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. വീടിന് സമീപം താമസിക്കുന്ന ഒരു തൊഴിലാളി നായ്ക്കളെ തട്ടിക്കൊണ്ടുപോയി വിദൂര സ്ഥലത്ത് ഉപേക്ഷിച്ചെന്നും തൊഴിലാളിയോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടിയൊന്നും നൽകിയില്ലെന്നും പ്രകാശ് പൊലീസിനോട് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിഫലം നൽകാമെന്ന് പ്രകാശ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് നായ്ക്കളെ തിരികെ കൊണ്ടുവരുന്നവർക്ക് 35,000 രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വളർത്തുനായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം : കാണാതായ വളർത്തുനായയെ അന്വേഷണത്തിനൊടുവിൽ കണ്ടുപിടിച്ച് ജയ്‌പൂർ സ്വദേശിയായ അനിത ജോത്വാനി. അനിത ജോത്വാനിയുടെ വളർത്തുനായയായ പോപ്കോണിനെ കാണാതാവുകയും കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുമായിരുന്നു യുവതി പാരിതോഷികം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ് മാസം 24നായിരുന്നു പോപ്കോണിനെ കാണാതായത് (Jaipur women announces rs 1 lakh reward for missing pet dog).
എന്നാൽ പരിശീലകനായ രഞ്ജിത് യാദവാണ് തന്‍റെ വളർത്തുനായയെ നടക്കാനായി കൊണ്ടുപോയതെന്നും തുടർന്നായിരുന്നു പോപ്കോണിനെ കാണാതായതെന്നും ആരോപിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നായയെ കണ്ടെത്തുകയായിരുന്നു.