ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍. ജൂനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ അരുണ്‍ കുമാര്‍ മഹന്ത, എംഡി അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 304-ാം വകുപ്പ് പ്രകാരമാണ് (മനപൂര്‍വ്വമല്ലാത്ത നരഹത്യയും കുറ്റകൃത്യത്തിന്‍റെ തെളിവുകള്‍ നശിപ്പിച്ചതും) ജീവനക്കാരെ അറസ്റ്റ് ചെയ്‌തിട്ടുള്ളത്.
സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ദുരന്തത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടന്ന് വരുന്നതിനിടെയാണ് മൂന്ന് പേരും അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഇലക്‌ട്രോണിക് ഇന്‍റര്‍ലോക്ക് സംവിധാനത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ജൂണ്‍ ആറിന് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ട്രെയിനുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ഇലക്‌ട്രോണിക് ഇന്‍റര്‍ലോക്ക് സംവിധാനം. ഇതില്‍ കൃത്രിമവും അട്ടിമറിയും നടത്തിയതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ സേഫ്‌റ്റി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായി റിലേ പാനലും ലോഗ് ബുക്കും മറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സ്റ്റേഷന്‍ സീല്‍ ചെയ്യുകയും ചെയ്‌തിരുന്നു. കൂടാതെ സ്റ്റേഷനിലെ സിഗ്നല്‍ വിഭാഗം ജൂനിയര്‍ എഞ്ചിനീയറുടെ വാടക വീടും സംഘം സീല്‍ ചെയ്‌തു. സിഗ്നല്‍ സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം അന്വേഷണ സംഘം വിലക്കിയിരുന്നു.
രാജ്യത്തെ നടുക്കിയ ദുരന്തം: ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകിട്ട് 7.20ഓടെയാണ് ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമായിരുന്നു അപകടം. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ടെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികള്‍ തൊട്ടടുത്ത ട്രാക്കില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ 288 പേര്‍ മരിക്കുകയും 1100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ദുരന്തത്തിന് പിന്നാലെ ഏറ്റുമുട്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍: ദുരന്തത്തിന് പിന്നാലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്‌പരം വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും ഇത് വഴിവച്ചു. രാജ്യത്തിന് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്‌ഘാടനം നടക്കുന്നതിനിടെയാണ് ഒഡിഷയില്‍ ദുരന്തമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.
അപകടത്തിന് പ്രധാന കാരണം തെറ്റായ സിഗ്നല്‍ സംവിധാനമാണെന്നും ഉന്നതതല അന്വേഷണത്തില്‍ അത് വ്യക്തമാണെന്നും രമേശ് കുറ്റപ്പെടുത്തി. ബാലസോറിലെ എസ് ആന്‍ഡ് ടിയില്‍ (സിഗ്നലിങ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍) പലതവണ നേരത്തെ വീഴ്‌ചകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയെല്ലാം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ വന്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ്. റെയില്‍വേ സുരക്ഷ സംവിധാനങ്ങളുടെ ഗുരുതരമായ പോരായ്‌മകളാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്നാണ് റെയില്‍വേ സുരക്ഷ കമ്മിഷണറുടെ നിഗമനമെന്നും രമേശ് ട്വിറ്ററില്‍ കുറിച്ചു.