ഗുവാഹത്തി : അസമില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് ഒന്നര വയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഗോള്‍പാറ സ്വദേശിയായ ജയ്‌ബർ അലി (38) ഭാര്യ റൊമോണി റഭ (29), ഇവരുടെ മകള്‍ ജിനിസ റഭ എന്നിവരാണ് മരിച്ചത്. ലാഖിപൂർ ഫോറസ്റ്റ് റേഞ്ചിലെ അജിയ റോഡില്‍ വ്യാഴാഴ്‌ചയാണ് സംഭവം.
ഇ-റിക്ഷയില്‍ സഞ്ചരിക്കവെ വനമേഖലയിലെത്തിയപ്പോഴാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പൊലീസെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോള്‍പാറ ജില്ലയില്‍ ഈ വര്‍ഷം 26 പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നൂറുകണക്കിന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ വീട് നഷ്‌ടപ്പെട്ടു. കാട്ടാന ശല്യത്തില്‍ നടപടിയെടുക്കാത്ത വനം വകുപ്പിനെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഇടപെടലുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.