മുംബൈ: നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറിന് നേരെ ഭീഷണി സന്ദേശമെത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലെ. പിതാവിന് നേരെ ഓണ്‍ലൈനായി ഒരു വെബ്‌സൈറ്റിലൂടെ ഭീഷണി സന്ദേശമെത്തിയെന്ന് കാണിച്ചാണ് എന്‍സിപി നേതാവ് സുപ്രിയ സുലെ മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറെ കണ്ടത്. പിതാവിനെതിരെ തന്‍റെ സ്വകാര്യ വാട്‌സ്‌ആപ്പിലും ഭീഷണിയെത്തിയെന്നും അവര്‍ അറിയിച്ചു. അതേസമയം കേന്ദ്രത്തിലും സംസ്ഥാന സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ശരദ് പവാറിന് നേരെ മുമ്പും വധഭീഷണികളുയര്‍ന്നിരുന്നു.
പിതാവിനായി 'പുത്രി' നേരിട്ട് പൊലീസില്‍: പവാര്‍ സാഹിബിനെ ഉന്നംവച്ചുള്ള സന്ദേശം എന്‍റെ വാട്‌സ്‌ആപ്പിലേക്ക് ലഭിച്ചു. അദ്ദേഹത്തിന് വെബ്‌സൈറ്റ് വഴിയും ഭീഷണി എത്തിയിരുന്നു. സമാനമായ ഭീഷണി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നും വന്നിട്ടുണ്ടെന്നും സുപ്രിയ സുലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു. ഇത് വ്യക്തമാക്കുന്ന സന്ദേശത്തിന്‍റെ പ്രിന്‍റ് ഔട്ടുകളും സുപ്രിയ സുലെ ഉയര്‍ത്തിക്കാണിച്ചു. ഭീഷണി സന്ദേശത്തിനെ തുടര്‍ന്ന് സുപ്രിയ സുലെ കമ്മിഷണറേറ്റിലെത്തി പൊലീസ് സുരക്ഷയും തേടി.
ഭീഷണി സന്ദേശങ്ങളുടെ പകര്‍പ്പുകളും അവര്‍ പൊലീസിന് കൈമാറി. മാത്രമല്ല സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം പരിശോധിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് സൗത്ത് സൈബർ പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
പ്രതികരിച്ച് ഏകനാഥ് ഷിൻഡെ: ശരദ് പവാറിന് നേരെയുള്ള ഭീഷണികള്‍ തന്‍റെ സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും പ്രതികരിച്ചു . മുതിർന്ന നേതാവ് ശരദ് പവാറിന് ലഭിച്ച ഭീഷണി സർക്കാർ ഗൗരവമായി എടുക്കുകയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഞാൻ നേരിട്ട് സംസാരിക്കുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്‌തിട്ടുണ്ട്. ശരദ് പവാർ മുതിർന്ന നേതാവാണ്, ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്‍റെ സുരക്ഷ പൂർണമായും ഏറ്റെടുക്കും. ആവശ്യമെങ്കിൽ സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഷിൻഡെ ട്വീറ്റിൽ കുറിച്ചു.
പവാറിന് മാത്രമല്ല സഞ്‌ജയ് റാവത്തിനും ഭീഷണി: എന്നാല്‍ പവാറിന് പുറമെ തനിക്ക് നേരെയും വധഭീഷണികളുയര്‍ന്നതായി അറിയിച്ച് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി തനിക്കുനേരെ നിരന്തരമായ വധഭീഷണിയുണ്ട്. തന്‍റെ സഹോദരനും സംസ്ഥാന നിയമസഭാംഗവുമായ സുനിൽ റാവത്തിനും സമാനമായ കോളുകൾ വരുന്നുണ്ട്. മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിക്കുന്നത് നിർത്തുക, അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നാണ് ഈ ഭീഷണികളുടെ സാരാംശമെന്നും സഞ്‌ജയ് റാവത്തും പ്രതികരിച്ചു.