മുസാഫര്‍നഗര്‍: ഭാരതീയ കിസാന്‍ യൂണിയന്‍റെ (BKU) ദേശീയ വക്താവ് രാകേഷ് ടികായത്തിന് (Rakesh Tikait) വധഭീഷണി. കര്‍ണാടക (Karnataka) സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന് ഫോണ്‍കോളിലൂടെ വധഭീഷണി (Death Threats) എത്തുന്നത്. അതേസമയം കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ (Muzaffarnagar) വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍, രാകേഷ് ടികായത് വിദ്യാര്‍ഥികളെ പരസ്‌പരം ആലിംഗനം ചെയ്യിച്ചിരുന്നു. അധ്യാപികയുടെ നടപടിയില്‍ കേസെടുത്ത് പൊലീസ് (Police) അന്വേഷണം നടത്തിവരുന്നതിനിടെയാണ് ടികായത്തിനെതിരായ വധഭീഷണി.
ഭാരതീയ കിസാന്‍ യൂണിയന്‍റെ പ്രവര്‍ത്തകന്‍ കൂടിയായ ന്യൂ മാണ്ഡിയിലെ (New Mandi) കല്‍യാണ്‍പുരി മൊഹല്ല (Kalyanpuri Mohalla) നിവാസി ധീരേന്ദ്ര ജവാല, സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കര്‍ണാടക സന്ദര്‍ശിക്കാനിരിക്കുന്ന രാകേഷ് ടികായത്തിനെ ഓഗസ്‌റ്റ് 28ന് അജ്ഞാതന്‍ ഫോണ്‍കോളിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ടികായത് കര്‍ണാടകയിലെത്തിയാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്നും, വാട്‌സ്‌ആപ്പിലും ഇയാള്‍ ഭീഷണി സന്ദേശം അയച്ചുവെന്നും ജവാല പരാതിയില്‍ പറഞ്ഞു.
മുമ്പും പലതവണ വധഭീഷണികള്‍: കര്‍ഷക നേതാവായ രാകേഷ് ടികായത്തിന് മുമ്പും പലതവണ വധഭീഷണി നേരിടേണ്ടിവന്നിരുന്നു. ഇത്തരത്തില്‍ ഈ മെയ് അഞ്ചിനെത്തിയ വധഭീഷണിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഹരിയാനയിലെ പാനിപത്ത് സ്വദേശിയായ കുഷ് റാണ എന്ന പേരിലായിരുന്നു അന്ന് വധഭീഷണിയുണ്ടായത്. ഇതില്‍ ഓഗസ്‌റ്റ് മാസത്തില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
ഇതിന് മുമ്പ് മാര്‍ച്ച് 10ന്, ഭാരതീയ കിസാന്‍ യൂണിയന്‍റെ പ്രസിഡന്‍റ് നരേഷ് ടികായത്തിന്‍റെ മകന്‍ ഗൗരവ് ടികായത്തിനെ തേടിയും വധഭീഷണി എത്തിയിരുന്നു. കുടുംബത്തെ ഓന്നാകെ കത്തിക്കുമെന്നായിരുന്നു ഈ ഭീഷണി. സംഭവത്തില്‍ ഭൗരകാലന്‍ പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.