ന്യൂഡൽഹി: പാകിസ്ഥാനിലെ ലഷ്‌കറെ ത്വയ്‌ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകൾ ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ഇന്‍റലിജൻസ് ബ്യൂറോ. ഇതിന്‍റെ അടിസ്ഥാനത്തിൽ കരുതിയിരിക്കണമെന്ന് രാജ്യമെമ്പാടും, പ്രത്യേകിച്ച് ഡൽഹിയിൽ, ഇന്‍റലിജൻസ് ബ്യൂറോ നിർദേശിച്ചു.
കര്‍ശന നിര്‍ദേശമാണ് ഇന്‍റലിജൻസ് ബ്യൂറോ പുറപ്പെടുവിച്ചിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം സൂക്ഷ്‌മമായി നിരീക്ഷിക്കണം. റോഹിങ്ക്യൻ, അഫ്‌ഗാനി പൗരൻമാർ താമസിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാനും ഡൽഹി പൊലീസിനോട് ഐബി റിപ്പോർട്ട് ആവശ്യപ്പെട്ടു. അഫ്‌ഗാൻ പോരാളികൾ ഉൾപ്പെടെയുള്ള ലഷ്‌കറെ ഖൽസ അംഗങ്ങൾ ജമ്മു കശ്‌മീരിലും അട്ടിമറി ശ്രമങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 8ന് മുൻ ജപ്പാൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ സംഭവം ഐബി റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
ഇന്‍റലിജിൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചെങ്കോട്ടയിലും പരിസരത്തും ആയിരത്തിലധികം ഇന്‍റർനെറ്റ് അടിസ്ഥാനമാക്കിയുള്ള സിസിടിവി കാമറകൾ സ്ഥാപിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന വേദികളുടെ ഓരോ കോണിലും സിസിടിവി കാമറകൾ സ്ഥാപിക്കും. 2 മെഗാപിക്‌സൽ വരുന്ന 80 ശതമാനം കാമറകളും 4 മെഗാപിക്‌സൽ വരുന്ന 20 ശതമാനം കാമറകളുമാണ് സ്ഥാപിക്കുക.
തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് 4 മെഗാപിക്‌സൽ കാമറകൾ സ്ഥാപിക്കുക. ഡിസിപിക്കായിരിക്കും ഇവയുടെ ചുമതല. ന്യൂ ഡൽഹി ജില്ല, നോർത്ത് ജില്ല, സൗത്ത്-ഈസ്റ്റ്, സെൻട്രൽ ജില്ല, സെക്യൂരിറ്റി യൂണിറ്റ്, നോർത്ത് വെസ്റ്റ് ജില്ല എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ട ഉൾപ്പെടുന്ന വടക്കൻ ജില്ലയിലും സെൻട്രൽ ജില്ലയിലും വൻതോതിൽ കാമറകൾ സ്ഥാപിക്കും.
ആളുകളുടെ മുഖം തിരിച്ചറിയൽ, ചലനം തിരിച്ചറിയൽ, ട്രിപ്പ്‌വയർ, ശബ്‌ദം തിരിച്ചറിയൽ, നുഴഞ്ഞുകയറ്റം തിരിച്ചറിയൽ, ഉപേക്ഷിക്കപ്പെട്ടതോ കാണാതായതോ ആയ വസ്‌തുക്കൾ കണ്ടെത്തൽ എന്നീ ഫീച്ചറുകളുള്ള കാമറകൾ ആയിരിക്കും സ്ഥാപിക്കുക. സ്ഥലങ്ങളുടെ ഫുൾ എച്ച്ഡി 1080പി തത്സമയ കാഴ്‌ചയും കാണാൻ സാധിക്കും. രാത്രിയിൽ മികച്ച രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനായി ഇൻബിൽറ്റ് ഇൻഫ്രാറെഡ് സജ്ജീകരണം ഉണ്ടാകും.