ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകളുടെ പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വരുന്ന ജൂണ്‍ ഒന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. എന്‍ജിന്‍ കപ്പാസിറ്റി 1,000 സിസിയുള്ള സ്വാകര്യ കാറിന് 2,094 രൂപയാണ് വര്‍ധിപ്പിച്ച പ്രീമിയം. നേരത്തെ ഇത് 2,072 രൂപയായിരുന്നു.
1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 3,221 രൂപയില്‍ നിന്ന് 3,416ആയാണ് വര്‍ധിപ്പിച്ചത്. 1,500 സിസിക്ക് മുകളിലുള്ള കാറുകള്‍ക്ക് പ്രീമിയം ഏഴ് രൂപ കുറച്ചിട്ടുണ്ട്. ഈ വിഭാഗത്തിലുള്ള കാറുകളുടെ പുതിയ പ്രീമിയം 7,890 രൂപയാണ്.
150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരു ചക്രവാഹനങ്ങള്‍ക്കുള്ള പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയാണ്. 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളുടെ പുതിയ പ്രീമിയം 2,804 രൂപയാണ്. കൊവിഡ് കാരണം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉണ്ടായിരുന്നു.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഡിസ്‌കൗണ്ട്: ഇതാദ്യമായാണ് ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം വിജ്ഞാപനം ചെയ്യുന്നത്. ഐആര്‍ഡിഎഐ(Insurance Regulatory and Development Authority of India) ആയിരുന്നു പ്രീമിയം വിജ്ഞാപനം ചെയ്യാറുണ്ടായിരുന്നത്. ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രീമിയത്തില്‍ 7.5 ശതമാനത്തിന്‍റെ ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.
മുപ്പത് കിലോവാട്ടില്‍ കൂടാത്ത ഇലക്‌ട്രിക് കാറുകള്‍ക്ക് 1,780 രൂപയാണ് പരിഷ്‌കരിച്ച പ്രീമിയം. മുപ്പത് കിലോവാട്ടിന് മേലുള്ളതും എന്നാല്‍ 65 കിലോവാട്ടില്‍ കവിയാത്തതുമായ ഇലക്‌ട്രിക് കാറുകള്‍ക്കുള്ള പ്രീമിയം 2,904 രൂപയാണ്. 12,000 കിലോഗ്രാമില്‍ കൂടുതലുള്ളതും എന്നാല്‍ 20,000 കിലോഗ്രാമില്‍ കൂടാത്തതുമായ വാണിജ്യ വാഹനങ്ങളുടെ പ്രീമിയം 33,414ല്‍ നിന്ന് 35,313 ആയി വര്‍ധിപ്പിച്ചു.
40,000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ചരക്കുവാഹനങ്ങളുടെ പ്രീമിയം 41,516രൂപയില്‍ നിന്ന് 44,242 ആയി വര്‍ധിപ്പിച്ചു. നിങ്ങളുടെ വാഹനം ഇടിച്ച് മൂന്നാമതൊരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. ഇത് നിര്‍ബന്ധമായും വാഹന ഉടമകള്‍ എടുത്തിരിക്കേണ്ടതാണ്.