മോറിഗാവ് : കന്നുകാലികളെ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചുള്ള ആൾക്കൂട്ട മർദനത്തിൽ അസമിൽ ഒരു മരണം. സെൻട്രൽ അസമിലെ മോറിഗാവ് ജില്ലയിലെ അഹത്‌ഗുരി മേഖലയിലായിരുന്നു നടുക്കുന്ന സംഭവം. പ്രദേശവാസിയായ കോലിയ ദാസിന്‍റെ തൊഴുത്തിൽ കെട്ടിയിരുന്ന കന്നുകാലികളെ മോഷ്‌ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആറുപേരെ തിങ്കളാഴ്‌ച രാത്രി പ്രദേശവാസികൾ പിടികൂടിയിരുന്നു.
ഇവരെ കണ്ട് കോലിയയുടെ ഭാര്യ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. എന്നാൽ കൂട്ടത്തിലെ മൂന്ന് പേർ ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. ആൾക്കൂട്ടത്തിന്‍റെ കയ്യിൽ കുടുങ്ങിയ മൂന്ന് പേരെ ജനം ക്രൂരമായി മർദിക്കുകയും ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്‌തു. അതിനിടെ ആൾക്കൂട്ട മർദനത്തിൽ ഒരാൾ സംഭവസ്ഥലത്ത് മരണപ്പെടുകയായിരുന്നു.
also read : CM Office Attack| മേഘാലയയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആക്രമണം; 5 പൊലീസുകാര്‍ക്ക് പരിക്ക്
മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കന്നുകാലി മോഷണം സ്ഥിരം സംഭവമാണെന്നും നാട്ടുകാർ സ്വന്തം നിലയ്‌ക്കാണ് കന്നുകാലികൾക്ക് കാവൽ നിൽക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
ശാന്തമാകാതെ മണിപ്പൂർ : രൂക്ഷമായ മണിപ്പൂരിൽ സായുധ ജനക്കൂട്ടം വയോധികയെ ജീവനോടെ ചുട്ടുകൊന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കാക്‌ചിംഗ് ജില്ലയിൽ മെയ് 28ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെയാണ് ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നത്. മെയ്‌തി സമുദായക്കാരിയായ എസ് ഇബെതോംബി മൈബി(80)യാണ് മരിച്ചത്.
മെയ് മാസം പൊട്ടിപ്പുറപ്പെട്ട മണിപ്പൂർ കലാപത്തിൽ ഇതുവരെ 160 ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇന്‍റർനെറ്റ് സാകര്യം നിരോധിച്ചതിനാൽ പല ക്രൂര കൃത്യങ്ങളും ഏറെ വൈകിയാണ് പുറം ലോകം അറിയുന്നത്. കഴിഞ്ഞ മെയ് നാലിനാണ് കുക്കി സമുദായത്തിൽപ്പെട്ട രണ്ട് സ്‌ത്രീകളെ ജനക്കൂട്ടം പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തിൽ നടത്തിയ അതിദാരുണ സംഭവം നടന്നത്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് രാജ്യത്താകെ ചർച്ചയ്‌ക്ക് വഴിയൊരുക്കുകയും സംസ്ഥാന സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തുകയും ചെയ്‌തിരുന്നു.
ബെംഗാളിലും സ്‌ത്രീകളെ നഗ്‌നരാക്കി മർദനം : ഇതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ മോഷണ കുറ്റം ആരോപിച്ച് ജനക്കൂട്ടം രണ്ട് യുവതികളെ നഗ്‌നയാക്കി മർദിച്ചതിന്‍റെ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹ മാധ്യമത്തിൽ പങ്കിട്ടിരുന്നു. മാൽഡയിലാണ് രണ്ട് ആദിവാസി സ്‌ത്രീകളെ ആൾക്കൂട്ടം മർദിച്ച് നഗ്‌നരാക്കിയത്.