പനാജി : കള്ളന്മാര്‍ മോഷണം നടത്തുമ്പോള്‍ ചില പ്രത്യേക രീതികള്‍ പിന്തുടരാറുണ്ട്. വാതില്‍ തുറന്നിരുന്നാലും ചിലര്‍ ജനല്‍ കമ്പി വളച്ചാണ് അകത്തുകടക്കുക, ചിലര്‍ അടുക്കള വാതിലിലൂടെ മാത്രമാകും കവര്‍ച്ചയ്‌ക്കെത്തുക, ചിലര്‍ പ്രത്യേക സാധനങ്ങള്‍ മാത്രമാകും എടുക്കുക. ഇത്തരത്തില്‍ ഓരോരുത്തരുടേയും രീതികള്‍ വ്യത്യസ്‌തമാണ്.
മോഷണ ശേഷം ചിലര്‍ ക്ഷമ ചോദിച്ച് കുറിപ്പ് എഴുതിവച്ച സംഭവങ്ങളും അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കളവിന് ശേഷം 'ഐ ലവ് യു' എന്ന് എഴുതിവയ്ക്കുന്നത് അപൂര്‍വ സംഭവമാണ്. ഇത്തരത്തില്‍ ഒരു മോഷണമാണ് കഴിഞ്ഞ ദിവസം ഗോവയില്‍ നടന്നത്.
സൗത്ത് ഗോവയിലെ മര്‍ഗാവോ സ്വദേശിയായ അസിബ് ക്സെസ് അവധി ആഘോഷിക്കാനായി പോയിരുന്നു.ബംഗ്ലാവ് അടച്ചിട്ട് കുടുംബത്തോടൊപ്പമാണ് പോയത്. തിരിച്ചുവന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
സ്വര്‍ണവും വെള്ളിയും അടക്കം 20 ലക്ഷം രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് കള്ളന്‍ അപഹരിച്ചത്. മാത്രമല്ല കളവ് നടത്തിയ ശേഷം മാര്‍ക്കര്‍ പേന ഉപയോഗിച്ച് ടെലിവിഷന്‍ സ്ക്രീനില്‍ "ഐ ലവ് യു" എന്ന് എഴുതിവയ്ക്കുകയും ചെയ്തു.
അസിബ് അറിയിച്ചതിനെ തുടര്‍ന്ന് മാര്‍ഗാവോ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ആദ്യമാണെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ നര്‍വേക്കര്‍ പറഞ്ഞു.