ഭഗൽപൂർ: ട്രെയിനിൽ മോഷ്‌ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്‌ടാവിനെ യാത്രക്കാര്‍ പിടികൂടി. ട്രെയിനിന്‍റെ ജനലിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. ട്രെയിനിൽ യാത്ര ചെയ്‌തിരുന്ന ചില യാത്രക്കാർ ഈ ദൃശ്യം ഫോൺ ക്യാമറയിൽ പകർത്തിയതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജമാൽപൂർ-സാഹിബ്‌ഗഞ്ച് പാസഞ്ചർ ട്രെയിൻ ലൈലാഖിൽ നിന്ന് ഘോഘ സ്റ്റേഷനിലേക്ക് പോവുന്ന ട്രെയിനിലാണ് സംഭവമെന്നാണ് നിഗമനം.
ജനല്‍ വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായ മോഷ്‌ടാവ് 500 മീറ്ററോളം ദൂരം ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്നു. ഇതിനിടയിലും യാത്രക്കാര്‍ മോഷ്‌ടാവിനെ മര്‍ദിക്കുന്നതായി വീഡിയോയില്‍ കാണാം (Thief Hung From The Window Of The Moving Train). കൂടുതൽ മുന്നോട്ട് പോയപ്പോൾ മോഷ്‌ടിവിനെ പിടിച്ചിറക്കിയവരും മര്‍ദ്ദനം തുടര്‍ന്നു. 'അത്തരമൊരു കേസ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിഷയം അന്വേഷിക്കുകയാണെന്നും അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഭഗൽപൂർ റെയിൽവേ ആർപിഎഫ് ഇൻസ്പെക്‌ടർ രൺധീർ കുമാര്‍ പറഞ്ഞു.
ഒരു വർഷം മുൻപും സമാനമായ സംഭവം ഭഗൽപൂരിൽ നിന്നും പുറത്തുവന്നിരുന്നു. ഒരാളുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറെ നേരം ട്രെയിനിൽ തൂങ്ങിക്കിടന്ന കള്ളൻ പിടിയിലായിരുന്നു. ഭഗൽപൂർ-ജമാൽപൂർ-പിർപൈന്തി റൂട്ടിൽ ഇത് ഒരു സാധാരണ സംഭവമാണെന്ന് പറയപ്പെടുന്നു. കള്ളൻ പിടിക്കപ്പെടുമ്പോൾ വീഡിയോ വൈറലാകും, അല്ലാത്തപക്ഷം ആളുകൾ അറിയുക പോലുമില്ല.
കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ: കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്‌ടാവ് കാസർകോട് പിടിയിൽ. കേരളത്തിലും കർണ്ണാടകയിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയായ തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി. ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് ജനുവരി 13 ന് അറസ്റ്റ് ചെയ്‌തത്.
കർണ്ണാടകയിൽ മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു കഴിഞ്ഞ നവംബർ 16 നു ജയിൽ മോചിതനായിരുന്നു. തുടർന്നു വിവിധ ജില്ലകളിൽ മോഷണ നടത്തി ജനുവരി ആറിന് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടമത്ത് കൂട്ട് പ്രതിയായ ഷിബിലിക്കൊപ്പം മോഷണം നടത്തവെ ഷിബിലി പൊലീസ് പിടിയിൽ ആകുകയും ഷിബു സ്ഥലത്ത് നിന്നും രക്ഷപെടുകയും ചെയ്‌തു.
തുടർന്ന് ഷിബുവിനെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി പി. ബിജോയുടെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ് പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ എസ് ഐ പ്രദീപൻ, അബുബക്കർ കല്ലായി എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ച് ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.