ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്‌ച പതിവ് പരേഡ് നടത്തുന്നതിനിടെയാണ് ഇരു സൈന്യങ്ങളും മുഖാമുഖം വന്നത്. 200ഓളം ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവിലുള്ള ഉടമ്പടികള്‍ പ്രകാരം പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം നീണ്ട സംഘര്‍ഷ സാഹചര്യം ശാന്തമായത്. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്ക് പറ്റിയിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
3,488 കിലോമീറ്റര്‍ നീളത്തിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇന്ത്യ-ചൈന അതിർത്തി ഔപചാരികമായി വേർതിരിച്ചിട്ടില്ലാത്തതിനാൽ യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ അഭിപ്രായ ഭിന്നതയുണ്ട്.
Also read: ഇന്ത്യ - ചൈന 13-ാം ഘട്ട സൈനിക ചർച്ചകൾ അടുത്തയാഴ്‌ച ആരംഭിച്ചേക്കും