നോയിഡ : ആളുകളില്ലാത്ത വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തി വന്നിരുന്ന നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ സ്വദേശിയായ സിറാജുദ്ദീൻ എന്ന ശിവ ബംഗാളി (36), ഷാംലി ജില്ലയിലെ കൈരാന സ്വദേശിയായ ഷഹ്‌സാദ് എന്ന പഹൽവാൻ (32) എന്നിവരെയാണ് പിടികൂടിയത്. നാലംഗ സംഘത്തിലെ മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
അന്വേഷണം ഇങ്ങനെ : ജൂലൈ ആറിന് നഗരത്തിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഒരു വീട്ടിൽ നിന്ന് 100-120 ഗ്രാം സ്വർണവും മറ്റ് ചില വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. നോയിഡ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 1,200ലധികം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്‌താണ് പ്രതികളെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പിടിയിലായത് സമ്പന്നർ താമസിക്കുന്ന സ്ഥലത്ത് കറങ്ങി നടക്കുന്നതിനിടെ : നോയിഡയിലെ സമ്പന്നരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളില്‍ കോട്ടും സ്യൂട്ടും ധരിച്ച് ഇയർഫോണും വച്ച് കറങ്ങി നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. പ്രദേശത്ത് കറങ്ങി നടന്ന് ആളുകളില്ലാത്ത വീടുകൾ നോക്കി വച്ചാണ് മോഷണത്തിന് സംഘം ഇറങ്ങിയിരുന്നത്. ഇവർക്കെതിരെ ഒന്നിലധികം മോഷണക്കേസുകൾ പല സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവരിൽ നിന്ന് 5 ലക്ഷം രൂപ വില മതിക്കുന്ന 75 ഗ്രാം സ്വർണം കണ്ടെടുത്തിട്ടുണ്ട്. ഇത് മോഷണ മുതലാണെന്ന് അഡീഷണൽ ഡിസിപി (നോയിഡ) ശക്തി മോഹൻ അവസ്‌തി പറഞ്ഞു.
ആർക്കും സംശയം തോന്നാതിരിക്കാനാണ് പ്രതികൾ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച് നടന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രധാന വാതിലിന്‍റെ പൂട്ട് തകർത്താണ് പ്രതികൾ മോഷണം നടത്തുന്നത്. വീട് കുത്തിത്തുറക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ലോക്കൽ സെക്‌ടർ 39ലെ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും തുടർ നിയമ നടപടികൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സംഘത്തിലെ മറ്റ് രണ്ട് പേർക്കായി തെരച്ചിൽ : നാലംഗ സംഘത്തിലെ മറ്റ് രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ ഒരാൾ അറസ്റ്റിലായ ആളുടെ ഭാര്യയാണ്. മറ്റൊരാൾ മോഷണ മുതൽ വിൽക്കുന്ന ആളാണ്. ഇരുവർക്കുമായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
കക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ല, 500 രൂപ വച്ച് തിരികെപ്പോയി മോഷ്‌ടാവ് : കക്കാൻ കയറിയ വീട്ടിൽ വിലപിടിപ്പുള്ള ഒന്നുമില്ലാത്തതിനെ തുടർന്ന് 500 രൂപ വച്ച് മോഷ്‌ടാവ് തിരികെപ്പോയ സംഭവം ഇക്കഴിഞ്ഞയിടെയായിരുന്നു. ജൂലൈ 20-ാം തീയതിയായിരുന്നു സംഭവം. കള്ളന്‍ ന്യൂഡൽഹിയിലെ രോഹിണി പ്രദേശത്തെ വീട്ടിൽ മോഷ്‌ടിക്കാൻ കയറി. എന്നാൽ, വിലപിടിപ്പുള്ള ഒന്നുമില്ലാത്തതിനെ തുടർന്ന് 500 രൂപ വാതിൽക്കൽ വച്ച് തിരികെപ്പോവുകയായിരുന്നു.
Read more : കക്കാന്‍ കയറിയ വീട്ടിൽ വിലപിടിപ്പുള്ള ഒന്നുമില്ല ; 500 രൂപ വച്ച് മടങ്ങി മോഷ്‌ടാവ്
ജൂലൈ 19ന് വീട്ടിലുള്ളവർ ഗുരുഗ്രാമിലേക്ക് പോയപ്പോഴാണ് വീട്ടിൽ കള്ളന്‍ കയറിയത്. ജൂലൈ 21ന് രാവിലെ വീടിന്‍റെ പ്രധാന വാതിലിന്‍റെ പൂട്ട് തകർന്നതായി ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുടമ എത്തി പരിശോധിച്ചപ്പോൾ ഒന്നും മോഷണം പോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. എന്നാൽ വീടിന്‍റെ വാതിലിൽ നിന്ന് 500 രൂപ കിട്ടിയതായി വെളിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിൽ വീട്ടുടമ പൊലീസിൽ പരാതി നൽകി.