ന്യൂഡൽഹി: നേരിട്ടുള്ള വിചാരണ പുനരാരംഭിക്കാനൊരുങ്ങി സുപ്രീംകോടതി. അടിയന്തര കേസുകളെ അടിസ്ഥാനമാക്കി നേരിട്ടും, വെർച്വലായും വിചാരണ നടത്തും. അഭിഭാഷകർക്കോ അവർക്ക് പകരമുള്ളവർക്കോ ഫെബ്രുവരി എട്ട് മുതൽ നേരിട്ടുള്ള വിചാരണയ്‌ക്ക് ഹാജരാകാം. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ബാർ കൗൺസിൽ ചെയർമാൻ, ഭാരവാഹികൾ, എസ്‌സിഎആർഎ, എസ്‌സിബിഎ, സീനിയർ അഭിഭാഷകൻ വികാസ് സിങ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കേസുമായി ബന്ധപ്പെട്ടവരുടെ ആരോഗ്യം, ജീവനക്കാരുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കിയതിന് ശേഷം നേരിട്ടുള്ള വിചാരണക്ക് അനുവദിക്കും. വെർച്വൽ ഹിയറിങ് ബുദ്ധിമുട്ടാണെന്നും നേരിട്ടുള്ള വിചാരണ ആരംഭിക്കണമെന്നും നിരവധി അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. പല അഭിഭാഷകർക്കും വെർച്വൽ ഹിയറിങ് സൗകര്യം ഇല്ലാത്തതും കക്ഷികൾക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഇതിന് കാരണമാണ്.