ബെംഗളൂരു : സ്വയം പ്രഖ്യാപിത ആള്‍ദൈവവും വിവാദനായകനുമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് തിരികെ വരാന്‍ കൂട്ടാക്കാത്ത മകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് പിതാവ്. കര്‍ണാടക മൈസൂര്‍ റോഡിലെ ആര്‍ ആര്‍ നഗര്‍ സ്വദേശി ശ്രീ നാഗേഷാണ് തിരുവണ്ണാമലൈ റൂറൽ പൊലീസില്‍ പരാതി നല്‍കിയത്. ഇളയമകള്‍ വറുദുനിയെ (22) മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പരാതി.
നാഗേഷും ഭാര്യ മാലയും രണ്ട് പെണ്‍മക്കളും തിരുവണ്ണാമലയിലെ നിത്യാനന്ദ ആശ്രമം സന്ദര്‍ശിച്ചിരുന്നു. നാഗേഷും ഭാര്യയും മൂത്തമകള്‍ വൈഷ്‌ണവിയും തിരികെ വന്നെങ്കിലും വറുദുനി തിരികെപ്പോരാന്‍ കൂട്ടാക്കിയിരുന്നില്ല. മകളെ തങ്ങള്‍ക്കൊപ്പം അയക്കണമെന്ന് നാഗേഷ് ആശ്രമം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല.
also read: സബർമതി ആശ്രമത്തിലെത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ബോറിസ് ജോൺസൺ
വറുദുനിയെ ആശ്രമത്തില്‍ നിന്ന് സ്ഥലം മാറ്റിയെന്ന് പിന്നീട് അറിയിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് നാഗേഷ് ആശ്രമത്തില്‍ കയറി പരിശോധന നടത്തിയപ്പോള്‍ വറുദുനിയെ കണ്ടെത്തിയെങ്കിലും തിരികെ കൊണ്ടുവരാനായില്ല. തുടര്‍ന്നാണ് മകളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.