ന്യൂഡൽഹി: ലഡാക്ക് പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യൻ, ചൈനീസ് സൈനികർക്ക് ധാരണയിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കരസേന മേധാവി എം.എം നരവാനെ. ലഡാക്ക് ഇപ്പോൾ ശാന്തമാണെന്നും പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക മേധാവികൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ, സൈനിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് ആവശ്യത്തിന് വസ്ത്രങ്ങളും ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടാമത് കമാൻഡർ തല ചർച്ചകളിൽ പ്രത്യേക സംഘർഷ സ്ഥലങ്ങളിൽ നിന്ന് സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌തു. നേരത്തെ പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിൽ ഇന്ത്യൻ ആർമിയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ചേർന്ന് നേതാക്കൾ എത്തിച്ചേർന്ന സുപ്രധാന സമവായം നടപ്പാക്കുകയും തെറ്റിദ്ധാരണ ഒഴിവാക്കുകയും ചെയ്യുമെന്ന ധാരണയിലെത്തി. കിഴക്കൻ ലഡാക്കിലെ വിവിധ പർവതപ്രദേശങ്ങളിൽ 50,000 ത്തോളം ഇന്ത്യൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ചൈനയും തുല്യമായ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.