പട്‌ന: ദർഭംഗ റെയിൽവേ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതികൾ സെക്കന്തരാബാദ്- ദർബംഗ എക്‌സ്പ്രസ് ട്രെയിനിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ.
കേസിൽ അടുത്തിടെ പിടിയിലായ മുഹമ്മദ് നാസിർ മാലികാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. ആക്രമണത്തിനായി പ്രതികൾ നൈട്രിക് ആസിഡ്, സൾഫ്യൂറിക് ആസിഡ് എന്നിവയുടെ സഹായത്തോടെ ബോംബ് ഉണ്ടാക്കിയതായും വെളിപ്പെടുത്തി.
ട്രെയിൻ മുഴുവനായി നശിപ്പിക്കാൻ ഉഗ്രസ്ഫോടക വസ്തു വസ്ത്രക്കെട്ടുകളിൽ പൊതിഞ്ഞ് സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഉഗ്രസ്ഫോടക വസ്തു നിർമ്മിക്കുന്നതിനിടയിൽ പറ്റിയ തെറ്റുകൊണ്ടാണ് അവരുടെ പദ്ധതി നടക്കാതെ പോയതെന്നും മാലിക് വെളിപ്പെടുത്തി.
More read: ദർബംഗ റെയിൽവേ സ്റ്റേഷൻ സ്‌ഫോടനം; ഐഎസ്‌ഐയ്‌ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
അതേസമയം പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-ത്വയിബ തീവ്രവാദ സംഘടനയിൽപ്പെട്ട രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഉത്തർപ്രദേശിലെ ഷംലി ജില്ലയിലെ കൈരാന നിവാസികളായ മുഹമ്മദ് സലിം അഹമ്മദ്, കാഫിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഉടനെ എൻഐഎ കോടതിയിൽ ഹാജരാക്കും.
ദർഭംഗ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഒരു പാർസലിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം ബിഹാറിലെ ദർഭംഗയിൽ കേസ് രജിസ്റ്റർ ചെയ്തത്. സെക്കന്തരാബാദ്- ദർഭംഗ എക്‌സ്‌പ്രസ്സിലാണ് പാർസൽ ദർഭംഗയിൽ എത്തിയിരുന്നത്.
ദർഭംഗ റെയിൽവേ സ്റ്റേഷനിൽ പാർസൽ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് ഇമ്രാൻ മാലിക്കും സഹോദരൻ മുഹമ്മദ് നാസിർ മാലിക്കും ബുധനാഴ്ച രാത്രി അറസ്റ്റിലായിരുന്നു.