ന്യൂഡല്‍ഹി: 1999ല്‍ കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ അഞ്ച് ഭീകരരിലൊരാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു. മിസ്‌ത്രി സഹൂര്‍ ഇബ്രാഹിം എന്നയാളാണ് കൊല്ലപ്പെട്ടത്. കറാച്ചിയിലെ അക്തർ കോളനിയില്‍ വച്ച് അജ്ഞാത സംഘം മിസ്‌ത്രി സഹൂര്‍ ഇബ്രാഹിമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ രണ്ട് തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
1999 ഡിസംബർ 24ന് നേപ്പാളിലെ കാഠ്‌മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഐസി 814 എന്ന എയര്‍ ഇന്ത്യ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഭീകരര്‍ റാഞ്ചുകയായിരുന്നു.
Also read: രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
മുഷ്‌താഖ് അഹമ്മദ് സർഗർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മസൂദ് അസ്ഹർ എന്നീ മൂന്ന് ഭീകരരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിമാനറാഞ്ചല്‍. ഏഴ് ദിവസത്തിന് ശേഷം ഭീകരരെ മോചിപ്പിക്കാൻ സർക്കാർ സമ്മതിച്ചതിനെ തുടർന്നാണ് വിമാനത്തിലുണ്ടായിരുന്ന ബന്ദികളെ വിട്ടയച്ചത്. 15 ജീവനക്കാരുൾപ്പടെ 191 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.